Champions League

അത്ലറ്റികോ-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനിടെ സംഘർഷം, മത്സരത്തിനു ശേഷം ടണലിലും കയ്യാങ്കളി

Sreejith N
Atletico And Man City Players Involved In Huge Brawl
Atletico And Man City Players Involved In Huge Brawl / Anadolu Agency/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ താരങ്ങൾ തമ്മിൽ സംഘർഷം. മത്സരത്തിനിടെ ഒരു ഫൗളിനു ശേഷം രണ്ടു ടീമിലെയും താരങ്ങൾ തമ്മിൽ കൊമ്പുകോർത്തത് മത്സരം അവസാനിച്ചതിനു ശേഷം ടണലിലും തുടർന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അവിടെ നിന്നും മാറ്റിയത്.

ആദ്യപാദത്തിൽ ഒരു ഗോളിന്റെ വിജയം മാഞ്ചസ്റ്റർ സിറ്റി നേടിയപ്പോൾ രണ്ടാം പാദത്തിൽ അതിനു മറുപടി നൽകാൻ അത്ലറ്റികോ മാഡ്രിഡിനു കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ഫിൽ ഫോഡനെ അത്ലറ്റികോ താരം ഫിലിപ്പെ ഫൗൾ ചെയ്‌തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫൗൾ ചെയ്യപ്പെട്ട ഫോഡൻ സമയം പാഴാക്കുന്നതിനു വേണ്ടി ഗ്രൗണ്ടിൽ കിടന്ന് ഉരുണ്ടപ്പോൾ സ്റ്റെഫാൻ സാവിച്ച് താരത്തെ പൊക്കിയെടുക്കാൻ ശ്രമിച്ചു.

ഇതോടെ താരങ്ങളും രണ്ടു ടീമുകളുടെയും സ്റ്റാഫുകളുമെല്ലാം ചേർന്ന് വലിയ രീതിയിൽ ഒരു സംഘർഷവും വാക്കേറ്റവും നടക്കുകയായിരുന്നു. ഇതേത്തുടർന്ന് റഫറി ഫിലിപ്പയെ രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയും സാവിച്ച്, ആക്കെ എന്നിവർക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു. അതിനു ശേഷം പത്തു മിനുട്ടിലധികം മത്സരം നടക്കുകയും അത്ലറ്റികോ ഗോൾ നേടാൻ പരാജയപ്പെട്ടതോടെ സിറ്റി സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്‌തു.

എന്നാൽ അതിനിടെ സിറ്റി താരങ്ങളുടെ സമയം പാഴാക്കാനുള്ള തന്ത്രങ്ങളെയും സ്റ്റോപ്പേജ് സമയത്തെയും ചൊല്ലി ഡീഗോ സിമിയോണിയും അത്ലറ്റികോ മാഡ്രിഡ് താരങ്ങളും റഫറിയുമായി തർക്കം ആരംഭിച്ചു. ഇതിനു ശേഷം രണ്ടു ടീമിലെ താരങ്ങളും തമ്മിൽ വീണ്ടും വാക്കേറ്റം ആരംഭിക്കുകയും അത് ടണലിനുള്ളിലും തുടരുകയും ചെയ്‌തു. ഗ്രീലിഷ്, സാവിച്ച്, ഹെർമോസൊ എന്നിവരായിരുന്നു ഇതിൽ പ്രധാനികൾ. പോലീസിന്റെ സഹായത്തോടെയാണ് താരങ്ങളെ അതിൽ നിന്നും മാറ്റി നിർത്തി ഡ്രസിങ് റൂമിലെത്തിച്ചത്.

മത്സരത്തിനിടെയുണ്ടായ സംഭവങ്ങൾ മൈതാനത്ത് മാത്രം ഒതുങ്ങുന്നതാണെന്നാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലുള്ള മുൻ അത്ലറ്റികോ താരമായ റോഡ്രി സംഘർഷത്തെക്കുറിച്ച് പറഞ്ഞത്. ഇതുപോലെയുള്ള സംഘർഷങ്ങളെ നേരിടേണ്ടി വരുന്നത് സന്തോഷമുള്ള കാര്യമല്ലെന്നും അത്ലറ്റികോ മാഡ്രിഡിനെയാണ് ഇതു കൂടുതൽ ബാധിക്കുകയെന്ന് അയ്മെറിക്ക് ലപോർട്ടയും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit