Football in Malayalam

ദുരന്തമുഖമായി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്, ചുരുങ്ങിയത് ആറു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്

Sreejith N
FBL-AFR-2019-MATCH52-SEN-ALG
FBL-AFR-2019-MATCH52-SEN-ALG / GIUSEPPE CACACE/GettyImages
facebooktwitterreddit

കാമറൂണിൽ നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിനിടെ മൈതാനത്തിനു പുറത്തു വെച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചുരുങ്ങിയത് ആറു പേരെങ്കിലും മരിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സെൻട്രൽ റീജിയണിലെ ഗവർണറായ നസെരി പോൾ ബിയ കൂടുതൽ അത്യാഹിതങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റിൽ കാമറൂണും കൊമോറോസും ഒലെംബേ സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഏറ്റുമുട്ടുന്നതു കാണുന്നതിനായി ജനങ്ങൾ തടിച്ചു കൂടി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് ദുരന്തം സംഭവിക്കാൻ കാരണമായത്.

സംഭവം നടന്ന സ്റ്റേഡിയത്തിനടുത്തുള്ള മെസാസി ആശുപത്രി പരിക്കു പറ്റിയ നാൽപതു പേരെയെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. അതിൽ ചിലർ വളരെ ഗുരുതരമായ അവസ്ഥയിൽ ആയിരുന്നുവെന്നും ചിലരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയെന്നും അവർ വ്യക്തമാക്കി.

ഏതാണ്ട് അമ്പതിനായിരത്തോളം പേരാണ് മത്സരം കാണാൻ ശ്രമിച്ചതെന്നാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്. സ്റ്റേഡിയത്തിൽ അറുപതിനായിരം പേർക്ക് ഇരിക്കാമെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത് എൺപതു ശതമാനമാക്കി കുറച്ചിരുന്നു.

മത്സരത്തിൽ ആതിഥേയരായ കാമറൂണാണ് വിജയം നേടിയത്. കാൾ ടോക്കോ എക്കാമ്പി, വിൻസന്റ് അബൂബക്കർ എന്നിവരുടെ ഗോളുകളുടെ പിൻബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു മത്സരം വിജയിച്ചാണ് അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit