Football in Malayalam

കോപ്പ അമേരിക്കയുടെ ക്വാർട്ടർ മത്സരത്തിൽ കളിക്കരുതെന്ന് ക്രിസ്റ്റ്യൻ റൊമെറോക്ക് അറ്റ്ലാന്റ നിർദ്ദേശം നൽകിയതായി സൂചന

Gokul Manthara
FBL-WC-2022-SAMERICA-QUALIFIERS-COL-ARG
FBL-WC-2022-SAMERICA-QUALIFIERS-COL-ARG / RAUL ARBOLEDA/Getty Images
facebooktwitterreddit

കാൽമുട്ടിന് പരിക്കേറ്റ അർജന്റൈൻ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമെറോ അടുത്ത ദിവസം നടക്കാനിരിക്കുന്ന ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയമാണ്. ഏറ്റവും അവസാനം നടത്തിയ പരിശോധനയിലും താരം പരിക്കിൽ നിന്ന് പൂർണമായും മുക്തി നേടിയിട്ടില്ലെന്നാണ് സൂചനകൾ. അതിനിടെ ഇപ്പോളിതാ ഒരു കാരണവശാലും ഇക്വഡോറിനെതിരായ ക്വാർട്ടർ മത്സരത്തിൽ കളിക്കരുതെന്ന് റൊമെറോക്ക്, അദ്ദേഹത്തിന്റെ ക്ലബ്ബായ അറ്റ്ലാന്റ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

ഇതു വരെ പൂർണ ആരോഗ്യവാനായിട്ടില്ലാത്ത റൊമെറോ തന്റെ പരിക്കും വെച്ച് കൊണ്ട് കളത്തിലിറങ്ങുന്നതിൽ ആശങ്കയുള്ള അറ്റ്ലാന്റ, ഇക്കാരണത്താലാണ് റൗണ്ട് ഓഫ് 8 മത്സരത്തിൽ കളിക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മത്സരത്തിൽ കളിക്കുന്നതിലൂടെ റൊമെറോയുടെ പരിക്ക് കൂടുതൽ വഷളാവുകയാണെങ്കിൽ വരും സീസണിൽ അത് തങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് ബോധ്യമുള്ള അറ്റ്ലാന്റ ഈ സാഹചര്യത്തിൽ താരത്തെ നേരിട്ട് ബന്ധപ്പെട്ട് അദ്ദേഹം കളിക്കുന്നതിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌.

മികച്ച ഫോമിലുള്ള റൊമെറോക്ക് ഇക്വഡോറിനെതിരെ കളിക്കാനായില്ലെങ്കിൽ പകരം, ജെർമ്മൻ പെസല്ലയാകും നിക്കോളാസ് ഒട്ടാമെൻഡിക്കൊപ്പം ഈ മത്സരത്തിൽ അർജന്റീനയുടെ സെന്റർ ബാക്ക് സ്ഥാനത്ത് കളിക്കുകയെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ പരിശീലക‌ൻ ലയണൽ സ്കലോണി അന്തിമ തീരുമാനം എടുത്തിട്ടില്ലെ‌ന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ഒരു പ്രധാന ടൂർണമെന്റിനിടെ കളിക്കരുതെന്ന ആവശ്യവുമായി അർജന്റൈൻ താരത്തെ ക്ലബ്ബുകൾ സമീപിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല‌. നേരത്തെ 2014 ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ കളിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഏഞ്ചൽ ഡി മരിയക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ റയൽ മാഡ്രിഡ് കത്തയച്ചത് അക്കാലത്ത് വലിയ വിവാദമായിരുന്നു. കലാശപ്പോരാട്ടത്തിൽ കളിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി റയൽ മാഡ്രിഡ്, ഡിമരിയയെ അന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

facebooktwitterreddit