Indian Football

പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റീൻ പോഗ്ബയെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ

Sreejith N
ATK Mohun Bagan Signed Florentin Pogba
ATK Mohun Bagan Signed Florentin Pogba / Jean Catuffe/GettyImages
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റീൻ പോഗ്ബ ഇന്ത്യൻ സൂപ്പർലീഗ് ക്ലബായ എടികെ മോഹൻ ബഗാനിലെത്തി. ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ എഫ്‌സി സൊഷൂക്‌സിൽ നിന്നാണ് ഫ്ലോറന്റീൻ പോഗ്ബയെ എടികെ മോഹൻ ബഗാൻ സ്വന്തമാക്കിയത്.

മുപ്പത്തിയൊന്നു വയസുള്ള പ്രതിരോധതാരത്തെ രണ്ടു വർഷത്തെ കരാറിലാണ് എടികെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. പോഗ്ബ ഫ്രാൻസ് ദേശീയ ടീമിനു വേണ്ടി കളിച്ച് ലോകകപ്പ് നേടിയിട്ടുള്ള താരാമാണെങ്കിലും ഫ്ലോറന്റീനും മറ്റൊരു സഹോദരനായ മാത്തിയാസും ഗിനിയ ദേശീയ ടീമിനു വേണ്ടിയാണു കളിക്കുന്നത്. 2010 മുതൽ 30 മത്സരങ്ങളിൽ താരം ഗിനിയ ടീമിൽ കളിച്ചിട്ടുണ്ട്.

സെപ്‌തംബറിൽ നടക്കാനിരിക്കുന്ന എഎഫ്‌സി കപ്പ് സെമി ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഫ്ലോറന്റീൻ പോഗ്ബയെ എടികെ മോഹൻ ബഗാൻ ടീമിലെത്തിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിൽ സ്‌പാനിഷ്‌ പ്രതിരോധതാരമായ തിരി പരിക്കു പറ്റി പുറത്തു പോയതും മറ്റൊരു പ്രതിരോധതാരത്തെ സ്വന്തമാക്കുന്നതിനു വേഗത കൂട്ടി.

മുൻപ് ലീഗ് വൺ ക്ലബായ സെയിന്റ് ഏറ്റിയെന്നെയിൽ ആറു വർഷം കളിച്ച താരമാണ് ഫ്ലോറന്റീൻ പോഗ്ബ. ആ സമയത്ത് ഒരു വർഷം ലീഗ് 2 ക്ലബായ സെഡാനിൽ താരം ലോണിലും കളിച്ചിരുന്നു. 2018ൽ തുർക്കിഷ് ക്ലബായ ജെൻക്ലെർബിർഗിലിക്കു വേണ്ടി കളിച്ചിരുന്ന താരം ഒരു മത്സരത്തിനിടെ സഹതാരങ്ങളോട് സംഘർഷമുണ്ടാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

അതിനു ശേഷം ഒരു സീസൺ എംഎൽഎസ് ക്ലബായ അറ്റലാന്റ യുണൈറ്റഡിനു വേണ്ടി കളിച്ച താരം അവിടെ വെച്ച് യുഎസ് ഓപ്പൺ കപ്പ്, ചാമ്പ്യൻസ് കപ്പ് എന്നിവ നേടി. താരത്തിന്റെ പ്രൊഫെഷണൽ കരിയറിലെ ആദ്യത്തെ കിരീടങ്ങളായിരുന്നു അത്. പിന്നീട് സൊഷൂക്‌സിലെത്തിയ താരം രണ്ടു സീസണുകളിൽ 62 മത്സരങ്ങൾ അവർക്കു വേണ്ടി കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit