സഹലിനെ സ്വന്തമാക്കാൻ എടികെ ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തത് 3 സീനിയർ താരങ്ങളെ; വെളിപ്പെടുത്തൽ ഇങ്ങനെ

നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദ്. ആരാധകരുടെ പ്രിയ താരങ്ങളിലൊരാളായ സഹൽ 2017 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളിൽ ഒരാളായ സഹലിനെ സ്വന്തമാക്കാൻ ഈ കാലയളവിൽ പല ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ടെങ്കിലും താരത്തെ വിട്ടു കൊടുക്കാൻ ബ്ലാസ്റ്റേഴ്സ് യാതൊരു താല്പര്യവും കാണിച്ചിട്ടില്ല.
ഇപ്പോളിതാ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സഹലിനെ ടീമിലെത്തിക്കാൻ ഐ എസ് എൽ വമ്പന്മാരായ എടികെ മോഹൻബഗാൻ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ സഹലിനെ ടീമിലെത്തിക്കാനുള്ള താല്പര്യവുമായി എടികെ മോഹൻ ബഗാൻ ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിനെ സമീപിച്ചിരുന്നതായും, സഹലിനെ ലഭിക്കുന്നതിന് പകരം തങ്ങളുടെ മൂന്ന് സീനിയർ താരങ്ങളെ അവർ ബ്ലാസ്റ്റേഴ്സിന് വാഗ്ദാനം ചെയ്തെന്നും പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കൊൽക്കത്തൻ ക്ലബ്ബിന്റെ ഈ വമ്പൻ ഓഫർ ബ്ലാസ്റ്റേഴ്സ് പാടേ തള്ളിക്കളയുകയായിരുന്നു. ഇത് കൊണ്ടു തന്നെ സഹലിനെ സ്വന്തമാക്കുകയെന്നത് അവർക്ക് സ്വപ്നമായിത്തന്നെ അവശേഷിച്ചു.
Day 6
— Marcus Mergulhao (@MarcusMergulhao) September 11, 2021
ATK Mohun Bagan offered three senior players to Kerala Blasters FC in exchange for Sahal Abdul Samad. #Indianfootball #Transfers #Secrets
അതേ സമയം 2017 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ സഹൽ അന്ന് മുതൽ ടീമിന്റെ അവിഭാജ്യ ഘടകങ്ങളിലൊരാളാണ്. ബ്ലാസ്റ്റേഴ്സിനായി ഇതു വരെ 51 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ താരം ഒരു ഗോൾ നേടിയതിനൊപ്പം 5 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. തങ്ങളുടെ മുഖമായി ബ്ലാസ്റ്റേഴ്സ് കാണുന്ന സഹലിന് 2025 വരെയാണ് ക്ലബ്ബുമായി കരാറുള്ളത്.