ജോബി ജസ്റ്റിനുമായുള്ള കരാർ നീട്ടി എടികെ മോഹൻ ബഗാൻ; പുതിയ കരാർ 2022 വരെ

Jobby Justin
Jobby Justin | KhelNow

മലയാളി സ്റ്റാർ സ്ട്രൈക്കർ ജോബി ജസ്റ്റിനുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടി എടികെ മോഹൻ ബഗാൻ. പുതിയ കരാർ പ്രകാരം‌ 2022 വരെ താരം കൊൽക്കത്ത ക്ലബ്ബിൽ തുടരും. ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

തിരുവനന്തപുരം സ്വദേശിയായ ജോബി ജസ്റ്റിൻ, കേരള സന്തോഷ് ട്രോഫി ടീം, ട്രാവൻകൂർ ടൈറ്റാനിയം ടീം, കെ എസ് ഇ ബി എന്നിവർക്ക് വേണ്ടി യൂത്ത് കരിയറിൽ കളിച്ചാണ് ഇന്ത്യൻ ഫുട്ബോളിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. 2017ൽ ഐ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബെംഗാൾ താരത്തെ റാഞ്ചി.

2017 മുതൽ 2019 വരെ ഈസ്റ്റ് ബെംഗാളിന് വേണ്ടി കളിച്ചതാണ് ഈ ഇരുപത്തിയാറുകാരന്റെ കരിയറിൽ വഴിത്തിരിവായത്. ഈ സീസണുകളിൽ ഈസ്റ്റ് ബെംഗാളിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറിയ ജോബി ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളിലേക്കും വളർന്നു.

ഈസ്റ്റ് ബെംഗാളിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളാണ് കഴിഞ്ഞ വർഷം താരത്തെ എടികെ യിലെത്തിച്ചത്. ഇതിനിടെ 2019 ൽ ഇന്റർ കോണ്ടിനന്റൽ കപ്പിലൂടെ ഇന്ത്യൻ ജേഴ്സിയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

അതേ സമയം തന്റെ ആദ്യ ഐ എസ് എൽ സീസണിൽ എടികെ കിരീടം നേടിയെങ്കിലും ഓർക്കാൻ മാത്രമുള്ള പ്രകടനങ്ങളൊന്നും ജോബിയുടെ ഭാഗത്ത് നിന്ന് പിറന്നിരുന്നില്ല. 10 മത്സരങ്ങൾ പോയ സീസണിൽ അവർക്കായി കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു ക്ലബ്ബിനായി നേടിയത്. മൂന്ന് മത്സരങ്ങളിൽ മാത്രമായിരുന്നു സീസണിൽ എടികെ യുടെ ആദ്യ ഇലവനിൽ ജോബിക്ക് അവസരം ലഭിച്ചത്.

എന്നാൽ ക്ലബ്ബിനൊപ്പം പോയ സീസണിൽ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ജോബിയുടെ കാലിബർ മനസിലാക്കിയ ക്ലബ്ബ് താരവുമായുള്ള കരാർ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ പ്രാധാന്യം വർധിക്കുന്ന തരത്തിൽ ഭാവിയിൽ ഐ എസ് എൽ നിയമങ്ങൾ മാറാൻ പോകുന്നതും താരത്തിന്റെ കരാർ നീട്ടാൻ എടികെ മോഹൻബഗാനെ പ്രേരിപ്പിച്ചതായാണ് സൂചനകൾ.