Football in Malayalam

കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം; കൊമ്പന്മാരെ 4-2ന് വീഴ്ത്തി എടികെ മോഹൻ ബഗാൻ

Ali Shibil Roshan
Boumous scored two goals against Blasters
Boumous scored two goals against Blasters / ISL
facebooktwitterreddit

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 8ന്റെ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ 4-2ന് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ.

ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ പന്തിന്മേൽ ആധിപത്യം ബ്ലാസ്റ്റേഴ്സിന് ആയിരുന്നെങ്കിൽ, കൂടുതൽ ഒത്തിണക്കവും മികച്ച നീക്കങ്ങളും സൃഷ്‌ടിച്ച എടികെ തന്നെയായിരുന്നു കൂടുതൽ മികച്ചു നിന്നത്.

മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ ആദ്യ ഗോൾ നേടിയ എടികെ, തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ ഏറെ വിഷമിപ്പിച്ചു. ഹ്യൂഗോ ബൗമസിലൂടെയാണ് എടികെ തങ്ങളുടെ ആദ്യ ഗോൾ നേടിയത്. ബൗമസിന്റെ ക്രോസ് റോയ് കൃഷ്ണ കണക്‌ട് ചെയ്യുമെന്ന് പ്രതീക്ഷിച്ച ആൽബിനോ ഗോമസിന് പിഴച്ചപ്പോൾ, പന്ത് ബ്ലാസ്റ്റേഴ്‌സ് ഗോൾവല ചുംബിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ പിറകിലായതിന്റെ പ്രതികരണമെന്നോണം ആക്രമണം കനപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 24ആം മിനുറ്റിൽ സമനില ഗോൾ കണ്ടെത്തി. രാഹുൽ കെപിയുടെ മികച്ചൊരു ക്രോസ് സ്വീകരിച്ച സഹൽ തൊടുത്ത വിട്ട ഷോട്ട് എടികെ ഗോൾവല കുലുക്കി.

പക്ഷെ, ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസത്തിന് അൽപായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. പെനാൽറ്റി ബോക്സിൽ തന്നെ ആൽബിനോ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റോയ് കൃഷ്‌ണയിലൂടെ എടികെ വീണ്ടും ലീഡെടുത്തു.

മത്സരത്തിന്റെ 39ആം മിനുറ്റിൽ എടികെ തങ്ങളുടെ മൂന്നാം ഗോളും നേടി. ബോക്സിനു മുൻപിൽ വെച്ച് പന്ത് ക്ലിയർ ചെയ്യുന്നതിൽ ബിജോയ് വർഗീസിന് പാളിയപ്പോൾ, അവസരം മുതലെടുത്ത ബൗമസ്, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരത്തെ മറികടന്നതിന് ശേഷം ആൽബിനോയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.

ആദ്യ പകുതിക്ക് പിരിയുമ്പോൾ 3-1ന് പിന്നിലായ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരാമെന്ന മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകി രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിസ്റ്റൺ കൊളാസോ എടികെയുടെ നാലാം ഗോൾ നേടി. മനോഹരമായ ഒരു കർളറിലൂടെ 50ആം മിനുറ്റിലാണ് കൊളാസോ ഗോൾ കണ്ടെത്തിയത്.

69ആം മിനുറ്റിൽ അഡ്രിയാൻ ലുണയുടെ ത്രൂ പാസ് അമരീന്ദർ കൈക്കലാക്കും മുൻപ് പന്ത് പോസ്റ്റിലേക്ക് ചെത്തിയിട്ട ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും, എടികെക്കെതിരെ പോയിന്റുകൾ കരസ്ഥമാക്കാൻ കൊമ്പന്മാർക്ക് അത് മതിയായിരുന്നില്ല.

വിജയത്തോടെ പുതിയ സീസണിന് തകർപ്പൻ തുടക്കം കുറിക്കാൻ എടികെ മോഹൻ ബഗാൻ ആയപ്പോൾ, ആരാധകരെ നിരാശപ്പെടുത്തുന്ന മറ്റൊരു പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്.


facebooktwitterreddit