ബാഴ്സലോണയിൽ കളികാരെ വേദനിപ്പിക്കുന്ന ഒരു യുദ്ധം നടക്കുന്നുവെന്ന് സുവാരസ്, ഒപ്പം സാവിക്ക് നിർണായക നിർദ്ദേശവും

ബാഴ്സലോണയുടെ സമീപകാല പ്രകടനങ്ങൾ ദയനീയമായ സാഹചര്യത്തിൽ പരിശീലകനായ റൊണാൾഡ് കൂമാനെ തൽസ്ഥാനത്ത് നിന്ന് ക്ലബ്ബ് പുറത്താക്കിയേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. കൂമാന് പകരക്കാരനായി ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ആരെ കൊണ്ടു വരുമെന്ന കാര്യത്തിൽ നിലവിൽ കൂലങ്കഷമായ ചർച്ചകളിലാണ് ബാഴ്സലോണ നേതൃത്വമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ സ്ഥാനത്തേക്ക് തങ്ങളുടെ മുൻ താരമായിരുന്ന സാവി ഹെർണാണ്ടസിനേയും ക്ലബ്ബ് പരിഗണിക്കുന്നതായാണ് സൂചന. അതിനിടെ ഇപ്പോളിതാ ബാഴ്സലോണയിലേക്ക് എത്തുന്നതിന് സാവി കുറച്ച് കൂടി കാത്തിരിക്കണമെന്ന് ചൂണ്ടിക്കാട്ടി ലൂയി സുവാരസ് രംഗത്തെത്തിയിരിക്കുന്നു.
നിലവിൽ ബാഴ്സലോണയിൽ കളികാരെ വേദനിപ്പിക്കുന്ന ഒരു യുദ്ധമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പറയുന്ന സുവാരസ്, ക്ലബ്ബിലേക്ക് വരാൻ പറ്റിയ സമയമല്ല ഇതെന്നും, അതിനായി സാവി ഒന്ന് കാത്തിരിക്കേണ്ടതുണ്ടെന്നും സ്പാനിഷ് മാധ്യമമായ സ്പോർടിനോട് സംസാരിക്കവെ വ്യക്തമാക്കുകയായിരുന്നു. വളരെ യോഗ്യനായ പരിശീലകനായാണ് സാവിയെ താൻ കാണുന്നതെന്ന് ഇതിനൊപ്പം ചൂണ്ടിക്കാട്ടിയ സുവാരസ്, മറ്റൊരു സന്ദർഭത്തിൽ കറ്റാലൻ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയാൽ കളികാരനെന്ന നിലയിൽ മികച്ചവനായിരുന്നത് പോലെ പോലെ പരിശീലക വേഷത്തിലും ക്ലബ്ബിൽ മികച്ചവനാകാൻ അദ്ദേഹത്തിനാകുമെന്ന് കൂട്ടിച്ചേർത്തു.
""ബാഴ്സലോണയിൽ കളികാരെ വേദനിപ്പിക്കുന്ന ഒരു യുദ്ധമുണ്ട്. സാവിയോട് കാത്തിരിക്കാൻ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നു. ക്ലബ്ബിലെത്താൻ പറ്റിയ സമയമല്ല ഇത്. അവൻ സമർത്ഥനാണ്. അവൻ ഒന്ന് കാത്തിരിക്കേണ്ടതുണ്ട്." "
- ലൂയിസ് സുവാരസ്
Luis Suarez to Sport: “At Barça there is a war that hurts the players. I personally recommend Xavi to wait. This is not the ideal time to get to the club. He’s smart he has to wait a moment”. ??? #FCB #Koeman
— Fabrizio Romano (@FabrizioRomano) September 30, 2021
അതേ സമയം സമീപകാലത്തെ ഏറ്റവും ദയനീയ ഫോമിലൂടെയാണ് നിലവിൽ ബാഴ്സലോണ കടന്നു പോകുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാൻ കഴിയാതിരുന്ന ക്ലബ്ബ്, ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളിച്ച രണ്ട് മത്സരങ്ങളിലും ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ലാലീഗയിലാകട്ടെ നിലവിൽ ആറാം സ്ഥാനമാണ് കറ്റാലൻ ക്ലബ്ബിനുള്ളത്.