Football in Malayalam

90Min Exclusive: എമിലിയാനോ മാർട്ടിനസിന് പുതിയ ദീർഘകാല കരാർ വാഗ്ദാനം ചെയ്യാനൊരുങ്ങി ആസ്റ്റൺ വില്ല

Gokul Manthara
Leicester City v Aston Villa - Premier League
Leicester City v Aston Villa - Premier League / Pool/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും രാജ്യത്തിനായും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് പുതിയ ദീർഘകാല കരാർ വാഗ്ദാനം ചെയ്യാനൊരുങ്ങി അദ്ദേഹത്തിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ല. മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ മാർട്ടിനസിൽ താല്പര്യം പ്രകടിപ്പിച്ച് മറ്റ് ക്ലബ്ബുകൾ രംഗത്തെത്താൻ തുടങ്ങിയ ‌സാഹചര്യത്തിലാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ വില്ല തയ്യാറെടുക്കുന്നത്.

2020-21 സീസണിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച മാർട്ടിനസ്, അർജന്റീന കിരീടം ചൂടിയ ഈ വർഷത്തെ കോപ്പ അമേരിക്കയിൽ, ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത്, ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായ മാർട്ടിനസിന്റെ ട്രാൻസ്ഫർ ലഭ്യത അറിയാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലൊന്ന് കഴിഞ്ഞയിടക്ക് അദ്ദേഹത്തിന്റെ പ്രതിനിധികളെ സമീപിച്ചതായാണ് 90Min മനസിലാക്കുന്നത്. മാർട്ടിനസിന് വേണ്ടിയുള്ള ഡിമാൻഡ് യൂറോപ്പിൽ ഉയരുന്ന സാഹചര്യത്തിൽ ദീർഘകാല കരാർ നൽകി അദ്ദേഹത്തെ ടീമിൽ നിലനിർത്താനുള്ള നീക്കമാണ് ആസ്റ്റൺ വില്ല പദ്ധതിയിടുന്നത്‌.

കഴിഞ്ഞ വർഷം ക്ലബ്ബിലെത്തിയ മാർട്ടിനസ് പെട്ടെന്നൊരു മാറ്റം നോക്കുന്നില്ലെന്ന് വില്ലക്ക് അറിയാമെങ്കിലും, താരത്തിന്റെ പ്രശസ്തിയും ഡിമാൻഡും വർധിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെട്ട കരാർ അർഹിക്കുന്നുണ്ടെന്നും അത് നൽകേണ്ടതുണ്ടെന്നും വില്ല കരുതുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ അർജന്റൈൻ താരത്തിന് ഏത് തരത്തിലുള്ള കരാർ നൽകാനാണ് ആസ്റ്റൺ വില്ലയുടെ പദ്ധതി എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.

നേരത്തെ കഴിഞ്ഞ സെപ്റ്റംബറിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനലിൽ നിന്ന് 20 മില്ല്യൺ പൗണ്ട് മുടക്കി യായിരുന്നു എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൺ വില്ല സ്വന്തമാക്കിയത്‌. നാല് വർഷ കരാറിൽ വില്ലയിലെത്തിയ എമി, ക്ലബ്ബിനൊപ്പമുള്ള തന്റെ പ്രഥമ സീസണിൽ 15 ക്ലീൻ ഷീറ്റുകൾ നേടി മാസ്മരിക പ്രകടനമായിരുന്നു പുറത്തെടുത്തത്.

facebooktwitterreddit