ഫിലിപ്പ് കുട്ടീഞ്ഞോയെ സ്ഥിര കരാറില്‍ സ്വന്തമാക്കാന്‍ ആസ്റ്റണ്‍ വില്ല

ബാഴ്സലോണയുടെ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ സ്ഥിരകരാറിൽ സ്വന്തമാക്കാന്‍ വേണ്ടി ആസ്റ്റണ്‍ വില്ല ചര്‍ച്ചകള്‍ തുടങ്ങിയതായി 90min മനസിലാക്കുന്നു. 29 കാരനായ കുട്ടീഞ്ഞോ ഈ ജനുവരിയിലായിരുന്നു പ്രീമയിര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ലയില്‍ ലോണിലെത്തിയത്.
സീസണ് അവസാനത്തോടെ 34 മില്യന്‍ പൗണ്ടിന് കുട്ടീഞ്ഞോയെ വാങ്ങാനുള്ള ഒപ്ഷനോടെയായിരുന്നു താരത്തെ ആസ്റ്റൺ വില്ല ടീമിലെത്തിച്ചത്. ബാഴ്സലോണയില്‍ ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുള്ള ബ്രസീൽ താരം വില്ലയ്ക്കായി ഇതുവരെ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി തിളങ്ങിയിട്ടുണ്ട്. ആസ്റ്റൺ വില്ലയിൽ താൻ സന്തോഷവാനാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
വില്ലക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗിലെ ചില ക്ലബുകള്‍ക്ക് താല്പര്യമുണ്ടെങ്കിലും, സ്ഥിരകരാറില് താരത്തെ സ്വന്തമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ വില്ല ആരംഭിച്ചതായും 90min മനസിലാക്കുന്നു.
ബാഴ്സലോണയില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു കുട്ടീഞ്ഞോ പ്രീമിയര്‍ ലീഗിലേക്ക് ചേക്കാറാന്‍ തീരുമാനിച്ചത്. ജെറാഡിന് കീഴില്‍ കളിക്കുന്നതിനാല്‍ താന്‍ ഇപ്പോള്‍ സന്തോഷവാനാണെന്ന് കുട്ടീഞ്ഞോ നേരത്തെ പ്രതികരിച്ചിരുന്നു.
"എനിക്ക് ലിവര്‍പൂളില്‍ മനോഹരമായ ഒരു കഥയുണ്ട്, അവിടെ ഞാന്‍ സന്തുഷ്ടനായിരുന്നു, ഇപ്പോള്‍ ഞാന്‍ ആസ്റ്റണ്‍ വില്ലയില്‍ ഒരു കഥ എഴുതാന്‍ തുടങ്ങുകയാണ്," അദ്ദേഹം ഗ്ലോബോ എസ്പോര്ട്ടിനോട് പറഞ്ഞു. "ഇറ്റലി, സ്പെയിന്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഞാന്‍ കളിച്ചതുപോലെ ഇംഗ്ലണ്ടില്‍ ഒരിക്കല്‍ കൂടി നന്നായി കളിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്," കുട്ടീഞ്ഞോ കൂട്ടിച്ചേര്‍ത്തു.