ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലെത്താൻ ആസ്റ്റൺ വില്ല ആഗ്രഹിച്ചിരുന്നില്ല, താരത്തെ വേറെ ക്ലബുകൾക്ക് ഓഫർ ചെയ്തു


മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിനു മുൻപ് ജാക്ക് ഗ്രീലീഷിനെ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ആസ്റ്റൺ വില്ല ഓഫർ ചെയ്തിരുന്നുവെന്നു റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രധാന സാമ്പത്തിക ശക്തിയായ മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്ഫർ മാർക്കറ്റിൽ അപ്രമാദിത്വം സ്ഥാപിക്കുന്നതിലുള്ള എതിർപ്പാണ് ആസ്റ്റൺ വില്ലയെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചതെന്ന് ദി അത്ലറ്റിക് ആണു വെളിപ്പെടുത്തിയത്.
ദിവസങ്ങൾക്കു മുൻപാണ് ബ്രിട്ടീഷ് റെക്കോർഡ് തകർത്ത ട്രാൻസ്ഫറിൽ ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. നൂറു മില്യൺ പൗണ്ടാണ് ഇംഗ്ലീഷ് പ്ലേമേക്കർക്കു വേണ്ടി മാഞ്ചസ്റ്റർ സിറ്റി മുടക്കിയതിന്. കഴിഞ്ഞ ദിവസം നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി താരം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.
Aston Villa 'offered Jack Grealish to Real Madrid and Man United', due to concerns about Man City’s financial power 'ruining the Premier League'#MUFC #MCFChttps://t.co/JXRerUxf2c
— talkSPORT (@talkSPORT) August 7, 2021
എന്നാൽ റെക്കോർഡ് തുക ലഭിച്ചുവെങ്കിലും ഗ്രീലീഷിനെ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകാൻ ആസ്റ്റൺ വില്ലക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നാണ് അത്ലറ്റികിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചു ട്രാൻസ്ഫർ ജാലകങ്ങളിലായി വമ്പൻ തുക മുടക്കി നിരവധി താരങ്ങളെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ അപ്രമാദിത്വം പുലർത്തുകയും മറ്റു ടീമുകൾക്ക് ഒപ്പം മത്സരിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് ആസ്റ്റൺ വില്ല കരുതുന്നത്.
ഇതേത്തുടർന്ന് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളോട് ഗ്രീലിഷിനെ സ്വന്തമാക്കാനുള്ള താൽപര്യമുണ്ടോ എന്ന് ആസ്റ്റൺ വില്ല അന്വേഷിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റയൽ മാഡ്രിഡും റാഫേൽ വരാനെ, ജാഡൻ സാഞ്ചോ എന്നിവരുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനു വേണ്ടി നീക്കങ്ങൾ നടത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള ആദ്യത്ത ഔദ്യോഗിക മത്സരം ഗ്രീലിഷിനു നിരാശയാണ് സമ്മാനിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ കഴിഞ്ഞ സീസണിലെ എഫ്എ കപ്പ് ജേതാക്കളായ ലൈസ്റ്റർ സിറ്റിയോട് അവസാന മിനിറ്റുകളിൽ വഴങ്ങിയ ഒരു ഗോളിന് പരാജയപ്പെട്ടതോടെ പുതിയ സീസണിന് കിരീടത്തോടെ തുടക്കം കുറിക്കാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീക്ഷകൾ ഇല്ലാതാവുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.