ലൂയിസ് സുവാരസ് വീണ്ടും പ്രീമിയർ ലീഗിലേക്ക്? താരത്തിനായി ആസ്റ്റൺ വില്ല രംഗത്ത്
By Sreejith N

ഈ സീസണോടെഅത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിക്കുന്ന ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല രംഗത്തുണ്ടെന്ന് 90Min മനസിലാക്കുന്നു. നിലവിൽ 35 വയസുള്ള താരത്തിൽ യൂറോപ്പിലെയും നോർത്ത്, സൗത്ത് അമേരിക്കയിലെയും നിരവധി ക്ലബുകൾക്ക് താൽപര്യമുണ്ട് എങ്കിലും ആസ്റ്റൺ വില്ലയിലേക്ക് താരം ചേക്കേറാനുള്ള സാധ്യത കൂടുതലാണ്.
ഖത്തർ ലോകകപ്പ് അടുത്തിരിക്കെ യൂറോപ്പിൽ തന്നെ കളിച്ച് ഏറ്റവും മികച്ച രീതിയിൽ ടൂർണ്ണമെന്റിനായി തയ്യാറെടുക്കണം എന്ന പദ്ധതിയിലാണ് ലൂയിസ് സുവാരസ്. അതുകൊണ്ടു തന്നെ എംഎൽഎസിലേക്കോ അല്ലെങ്കിൽ സൗത്ത് അമേരിക്കൻ ക്ലബുകളിലേക്കോ സുവാരസ് ട്രാൻസ്‌ഫർ പരിഗണിക്കുന്നില്ല.
Luis Suarez could be the latest to join the Liverpool reunion party at Aston Villa! 🤯🙌 pic.twitter.com/uuHksIwMYU
— 90min (@90min_Football) May 26, 2022
ലിവർപൂളിൽ സുവാരസിനൊപ്പം കളിച്ച സ്റ്റീവൻ ജെറാർഡാണ് നിലവിൽ ആസ്റ്റൺ വില്ല പരിശീലകൻ. നേരത്തെ ഇരുവർക്കും ഒപ്പം കളിച്ചിട്ടുള്ള മുൻ ലിവർപൂൾ താരമായ കുട്ടീന്യോയെ ആസ്റ്റൺ വില്ല സ്വന്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് സുവാരസിനെ കൂടി ടീമിലെത്തിക്കാൻ അവർ ആലോചിക്കുന്നത്. വില്ലയിലേക്ക് ചേക്കേറാൻ സുവാരസിനും താൽപര്യമുണ്ടാകാൻ സാധ്യതയുണ്ട്.
ട്രാൻസ്‌ഫർ ജാലകം ആരംഭിക്കുന്നതോടെ സ്പെയിൻ, ഫ്രാൻസ്, തുർക്കി തുടങ്ങിയ ലീഗുകളിൽ നിന്നുള്ള ക്ലബുകൾ ഓഫറുകൾ നൽകുമെന്ന് സുവാറസിനും ഏജന്റിനും പ്രതീക്ഷയുണ്ട്. എന്നാൽ ആസ്റ്റൺ വില്ലയുടെ ഓഫർ അനുയോജ്യമായതാണെങ്കിൽ താരം പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചെത്താനാണ് കൂടുതൽ സാധ്യത.
അയാക്‌സിൽ നിന്നും 2011ൽ ലിവർപൂളിൽ എത്തിയ സുവാരസ് 2014 വരെ ടീമിൽ ഉണ്ടായിരുന്നു. അതിനു ശേഷം ബാഴ്‌സയിലേക്ക് ചേക്കേറി ഐതിഹാസിക നേട്ടങ്ങൾ സ്വന്തമാക്കിയ താരം 2020ലാണ് അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.