ജോർജീഞ്ഞോ വൈനാല്‍ഡത്തിന് വിലയിട്ട് പിഎസ്ജി; താരത്തെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല

പിഎസ്ജി മധ്യനിര താരം ജോര്‍ജീഞ്ഞോ വൈനാല്‍ഡത്തെ ടീമിലെത്തിക്കാന്‍ ശ്രമങ്ങളുമായി ആസ്റ്റണ്‍ വില്ല. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ക്ലബായ ലിവർപൂൾ വിട്ടായിരുന്നു വൈനാല്‍ഡം പി.എസ്.ജിയിലെത്തിയത്. എന്നാല്‍ പാരിസിലെത്തിയതിന് ശേഷം താരത്തിന് കളിക്കാന്‍ മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല.
ഇക്കാര്യം വൈനാൾഡം തുറന്ന് പറയുകയും ചെയ്തിരുന്നു. പി.എസ്.ജിയില്‍ തനിക്ക് ലഭിക്കുന്ന മത്സരസമയത്തിൽ താൻ പരിപൂർണ സംതൃപ്തനല്ലെന്ന് ഒക്ടബോറില്‍ താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട്, ആ പ്രസ്താവനയിൽ വ്യക്തത വരുത്തിയ വൈനാൾഡം, പിഎസ്ജിയിൽ താൻ തൃപ്തനാണെന്നും, അതൃപ്തി തന്റെ പ്രകടനത്തിലായിരുന്നെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, പിഎസ്ജിയിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് പലപ്പോഴും കഴിയുന്നില്ല.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ താരം ഇത് വരെ 29 മത്സരങ്ങളിലാണ് ഫ്രഞ്ച് ക്ലബിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. ഇതിൽ 18 മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനില്‍ വൈനാല്‍ഡത്തിന് ഇടം നേടാൻ കഴിഞ്ഞിട്ടുള്ളൂ. പിഎസ്ജിക്കായി ഇത് വരെ മൂന്ന് ഗോളുകളും, രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
തങ്ങളുമായി 2024 വരെ വൈനാല്‍ഡത്തിന് കരാറുണ്ടെങ്കിലും 21 മില്യന്‍ പൗണ്ടാണ് താരത്തിന് വേണ്ടി പി.എസ്.ജി ആവശ്യപ്പെടുന്നതെന്ന് സ്പോര്‍ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിഎസ്ജിയിൽ അസന്തുഷ്ടനായ താരത്തെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ച് , ടീം ശക്തിപ്പെടുത്താനാണ് വില്ല ലക്ഷ്യമിടുന്നത്.
അതേ സമയം, ലാ ലീഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിനും വൈനാൽഡത്തിൽ താല്പര്യമുണ്ടെന്നും സ്പോർട്ടിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.