ആഷിഖ് കുരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനിലേക്ക് ചേക്കേറും

ഐ.എസ്.എല്‍ ക്ലബായ ബംഗളൂരു എഫ്.സിയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. ഫുട്ബോൾ മോങ്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എ.ടി.കെ പ്രതിരോധ താരം പ്രഭീര്‍ ദാസ് ബംഗളൂരു എഫ്.സിയിലേക്ക് പോകാനും ആഷിഖിനെ എ.ടി.കെയിലെത്തിക്കാനും ധാരണയായതായി അവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
24കാരനായ ആഷിഖിന് ബംഗളൂരു എഫ്.സിയില്‍ ഒരു വര്‍ഷത്തെ കരാര്‍കൂടി ബാക്കിയുണ്ട്. അതേ സമയം, മൂന്ന് വര്‍ഷത്തെ കരാറാണ് എ.ടി.കെ ആഷിഖിന് നല്‍കിയിരിക്കുന്നത്. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഒപ്ഷനും കരാറില്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രഭീര്‍ ദാസിന്റെ കൈമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ആഷിഖിന്റെ കരാര്‍നിലവില്‍ വരുകയുള്ളു. ഐ.എസ്.എല്ലില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന രണ്ട് താരങ്ങളാണ് ആഷിഖും പ്രഭീര്‍ ദാസും.
ആഷിഖ് എ.ടി.കെയിലെത്തുകയാണെങ്കില്‍ എ.ടി.കെയുടെ ഇടത് വശത്തുകൂടിയുള്ള മുന്നേറ്റത്തിനും പ്രതിരോധത്തിനും കൂടുതല്‍ കരുത്ത് ലഭിക്കും. അതേസമയം പ്രഭീര്‍ ദാസ് ബംഗളൂരുവിവെത്തുമ്പോള്‍ പരിചയ സമ്പന്നനായ റൈറ്റ് ബാക്കിന്റെ സേവനവും ബംഗളൂരു എഫ്.സിക്ക് ലഭിക്കും.
കൂടാതെ നവറോം റോഷന്‍ സിങ്ങിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനില്‍ കളിപ്പിക്കാനും ബംഗളൂരു എഫ്.സിക്ക് കഴിയും. അവസാന സീസണില്‍ ഐ.എസ്.എല്‍ സെമി ഫൈനലില്‍ പുറത്തായ എ.ടി.കെ മോഹന്‍ ബഗാന്‍ പുതിയ സീസണില്‍ മികച്ച ടീമിനെ ഒരുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. അവസാന സീസണില്‍ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയ ബംഗളൂരു എഫ്.സിക്ക് സെമി ഫൈനല്‍ കാണാതെയാണ് ലീഗ് ഘട്ടം പൂര്‍ത്തിയാക്കേണ്ടി വന്നത്.