Football in Malayalam

'മൗറീന്യോ എഫെക്ട്', അവിശ്വസനീയ നേട്ടമുണ്ടാക്കി ഇറ്റാലിയൻ ക്ലബ് റോമ

Sreejith N
FBL-ENG-PR-FULHAM-TOTTENHAM
FBL-ENG-PR-FULHAM-TOTTENHAM / NEIL HALL/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസമാണ് ഏവരെയും അത്ഭുതപ്പെടുത്തി ഇറ്റാലിയൻ ക്ലബായ എഎസ് റോമ അടുത്ത സീസൺ മുതൽ ഹോസെ മൗറീന്യോ തങ്ങളുടെ ടീമിന്റെ പരിശീലകനായി എത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഴ്ചകൾക്കു മുൻപ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പർ പുറത്താക്കിയ പോർച്ചുഗീസ് പരിശീലകൻ 2024 വരെയാണ് റോമയുമായി കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മൗറീന്യോ പരിശീലകനായി എത്തുമെന്ന പ്രഖ്യാപനം അവിശ്വസനീയമായ നേട്ടമാണ് റോമക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. അമേരിക്കൻ ബിസിനസുകാരനായ ഡാൻ ഫ്രെയ്‌ഡ്‌കിനിന്റെ ഉടമസ്ഥതയിലുള്ള ക്ലബിന്റെ ഷെയറുകൾക്ക് മിലാൻ സ്റ്റോക്ക് എക്‌സ്‌ചെഞ്ചിൽ ഇരുപത്തിയൊന്ന് ശതമാനം വർദ്ധനവാണ് ഈ പ്രഖ്യാപനത്തിനു ശേഷം ഉണ്ടായിരിക്കുന്നത്.

ടോട്ടനം ഹോസ്പറിന്റെ മോശം ഫോം മൂലമാണ് മൗറീന്യോ സീസണിനിടയിൽ പുറത്താക്കപ്പെട്ടത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും സമാനമായ സാഹചര്യത്തിൽ മൗറിന്യോയെ പുറത്താക്കിയതിനെ തുടർന്നാണ് അദ്ദേഹം ടോട്ടനം ഹോസ്പറിലെത്തുന്നത്. ടോട്ടനത്തിനൊപ്പം ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ടീം പുറകോട്ടു പോവുകയായിരുന്നു.

നിലവിലെ പരിശീലകനായ പൗളോ ഫൊൻസേക അടുത്ത സീസണിൽ സ്ഥാനമൊഴിയുമെന്ന് റോമ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിൽ മൗറീന്യോയുടെ രണ്ടാമങ്കമാണ് റോമക്കൊപ്പം. നിലവിലെ സീരി എ ജേതാക്കളായ ഇന്റർ മിലാനെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോ അവർക്കൊപ്പം ട്രിബിൾ കിരീടമടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന റോമ നിലവിൽ സീരി എയിൽ ഏഴാം സ്ഥാനത്താണ്. അടുത്ത സീസണിൽ യൂറോപ്പ ലീഗ് യോഗ്യത പോലും പ്രതീക്ഷയില്ലാത്ത ടീമിനെ ഇറ്റലിയിൽ ഉയരങ്ങളിലെത്തിക്കാൻ മൗറീന്യോയുടെ പരിചയസമ്പത്തിനു കഴിയുമെന്നാണ് ക്ലബ് നേതൃത്വം പ്രതീക്ഷിക്കുന്നത്.


facebooktwitterreddit