Transfers

മൂന്നു വർഷത്തെ കരാറിൽ അർജന്റീന താരം പൗളോ ഡിബാല റോമയിലേക്ക്

Sreejith N
AS Roma Set To Sign Paulo Dybala
AS Roma Set To Sign Paulo Dybala / Marc Atkins/GettyImages
facebooktwitterreddit

യുവന്റസ് വിട്ട അർജന്റീനിയൻ മുന്നേറ്റനിര താരമായ പൗളോ ഡിബാല റോമയിലേക്ക് ചേക്കേറുമെന്നുറപ്പായി. ഫ്രീ ഏജന്റായ ഇരുപത്തിയെട്ടു വയസുള്ള താരത്തെ 2025 വരെ നീണ്ടു നിൽക്കുന്ന മൂന്നു വർഷത്തെ കരാറിലാണ് മൗറീന്യോ പരിശീലകനായ റോമ സ്വന്തമാക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോയും ഇറ്റലിയിലെ വിവിധ മാധ്യമങ്ങളും വെളിപ്പെടുത്തുന്നു.

കരാർ പുതുക്കുന്നില്ലെന്ന് യുവന്റസ് തീരുമാനിച്ചതോടെയാണ് ഡിബാല ക്ലബ് വിടുന്നത്. മുൻ പലർമോ താരത്തിനായി ഇന്റർ മിലാൻ, നാപ്പോളി തുടങ്ങിയ ക്ലബുകൾ ശക്തമായ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവിൽ റോമയാണ് അതിൽ വിജയിച്ചത്. അടുത്തു തന്നെ അർജന്റീന താരം മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോമയുമായി കരാർ ഒപ്പുവെക്കും.

പരിശീലകനായ ഹൊസെ മൗറീന്യോയുടെയും ക്ലബിന്റെ ഇതിഹാസതാരമായ ഫ്രാൻസിസ്‌കോ ടോട്ടിയുടെയും ഇടപെടലാണ് ഡിബാല ചാമ്പ്യൻസ് ലീഗ് ക്ലബുകളെ തഴഞ്ഞ് യൂറോപ്പ ലീഗിൽ കളിക്കുന്ന റോമയെ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് കരുതേണ്ടത്. റിട്ടയർ ചെയ്‌ത തന്റെ പത്താം നമ്പർ ജേഴ്‌സി ഡിബാലക്ക് നൽകാമെന്ന ഓഫർ ടോട്ടി നൽകിയപ്പോൾ താരത്തെ മൗറീന്യോ നേരിട്ടു വിളിച്ചാണ് ടീമിലേക്ക് ക്ഷണിച്ചത്.

ഡിബാലയുടെ വരവ് സീരി എയിൽ മുന്നോട്ടു കുതിക്കാനുള്ള റോമയുടെ പദ്ധതികൾക്ക് കരുത്തു പകരുമെന്നതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണിൽ ലീഗിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത റോമ യുവേഫ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാനുള്ള പരിശീലകൻ മൗറീന്യോയുടെ ആഗ്രഹത്തിനും ഡിബാല ട്രാൻസ്‌ഫർ ശക്തിയേകുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit