പരിക്കിൽ നിന്നും മുക്തനാവാത്ത റാമോസിന്റെ കരാർ ഒഴിവാക്കുന്ന കാര്യം പിഎസ്‌ജിയുടെ പരിഗണനയിൽ

Sreejith N
Paris Saint-Germain v Angers SCO - Ligue 1
Paris Saint-Germain v Angers SCO - Ligue 1 / John Berry/GettyImages
facebooktwitterreddit

കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ധാരണയിൽ എത്താത്തതു കൊണ്ടാണ് കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് നായകനായിരുന്ന സെർജിയോ റാമോസ് ഫ്രീ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. എന്നാൽ ഫ്രഞ്ച് ക്ലബിലെത്തി നാല് മാസത്തോളമായിട്ടും പരിക്കു മൂലം ഒരു മത്സരത്തിൽ പോലും ഇതുവരെയും കളത്തിലിറങ്ങാൻ റാമോസിനു കഴിഞ്ഞിട്ടില്ല.

മെയ് 5നു ചെൽസിയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവസാനമായി കളത്തിലിറങ്ങിയ സെർജിയോ റാമോസിന് പിന്നീടിതു വരെ ഏതാനും മിനുട്ടുകൾ പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല. യൂറോ കപ്പടക്കമുള്ള പോരാട്ടങ്ങൾ നഷ്‌ടമായ താരം എത്രയും വേഗം പിഎസ്‌ജിയിൽ അരങ്ങേറ്റം കുറിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്.

എന്നാൽ റാമോസിന്റെ തിരിച്ചുവരവ് ഇനിയും നീണ്ടു പോയാൽ അതു പിഎസ്‌ജി കരിയറിനെയും ബാധിക്കുമെന്നാണ്‌ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് മാധ്യമം ലെ പാരിസിയൻ പുറത്തുവിട്ടതു പ്രകാരം റാമോസിന്റെ പരിക്ക് നീളുകയാണെങ്കിൽ താരത്തിന്റെ കരാർ റദ്ദാക്കുന്ന കാര്യം പിഎസ്‌ജിയുടെ പരിഗണനയിലുണ്ട്.

പിഎസ്‌ജിയുമായി 2023 വരെയാണ് സെർജിയോ റാമോസിനു കരാറുള്ളത്. അതുകൊണ്ടു തന്നെ കരാർ റദ്ദാക്കുന്നതിനു താരവുമായി പിഎസ്‌ജി പരസ്‌പരധാരണയിൽ എത്തേണ്ടി വരും. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഒരു മത്സരം പോലും ഫ്രഞ്ച് ക്ലബിനു വേണ്ടി കളിക്കുന്നതിനു മുൻപേ തന്നെ സ്‌പാനിഷ്‌ താരത്തിന്റെ കരാർ റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.

റാമോസിന് എന്നാണു കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയുക എന്നതിനെക്കുറിച്ച് പിഎസ്‌ജി നേതൃത്വത്തിനും ധാരണയില്ല. താരം തിരിച്ചുവരവിന്റെ പാതയിലാണെന്ന് അവർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഒരു കൃത്യമായ സമയം പറയാത്തത് ആരാധകർക്കും വളരെയധികം നിരാശ നൽകുന്നുണ്ട്.

facebooktwitterreddit