Football in Malayalam

2021 ബാലൺ ഡി ഓർ വോട്ടെടുപ്പ് അവസാനിച്ചു, വിജയിയാരാണെന്നു തീരുമാനമായി

Sreejith N
TOPSHOT-FBL-FRA-AWARD
TOPSHOT-FBL-FRA-AWARD / THOMAS SAMSON/GettyImages
facebooktwitterreddit

2021ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് അവസാനിച്ചുവെന്നും ഈ വർഷത്തെ വിജയിയാരെന്ന കാര്യം തീരുമാനിക്കപ്പെട്ടു എന്നും റിപ്പോർട്ടുകൾ. ജിഎഫ്എഫ്എൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്നലെയാണ് (ഒക്ടോബർ 25) ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള വോട്ടെടുപ്പ് അവസാനിച്ചത്. വിജയി ആരാണെന്നു തീരുമാനിക്കപ്പെട്ടു എങ്കിലും അതിന്റെ പ്രഖ്യാപനമുണ്ടാവുക നവംബർ 29ന് ആയിരിക്കും.

"2021ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള വോട്ടെടുപ്പ് ഇപ്പോൾ അവസാനിച്ചു. പുരസ്‌കാരജേതാവ് ആരാണെന്ന കാര്യവും തീരുമാനിക്കപ്പെട്ടു. നവംബർ 29നു അതു നമുക്ക് മനസിലാക്കാൻ കഴിയും." ജിഎഫ്എഫ്എൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തു. നവംബർ 29നു പാരീസിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ചാണ് ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിച്ച് പുരസ്‌കാരം നൽകുക.

അവസാന പട്ടികയിൽ ഉൾപ്പെട്ട മുപ്പതു താരങ്ങളിൽ നിന്നും അഞ്ചു പേർക്കാണ് തിരഞ്ഞെടുക്കപ്പെട്ട ഇന്റർനാഷണൽ ജേർണലിസ്റ്റ്സ്, ദേശീയ ടീം പരിശീലകർ, ദേശീയ ടീമിന്റെ നായകന്മാർ എന്നിവർ വോട്ടു ചെയ്യേണ്ടത്. വ്യക്തിഗതമായും ടീമെന്ന നിലയിലും നടത്തിയ പ്രകടനം, കളിക്കാരന്റെ നിലവാരം, ഇതുവരെയുള്ള കരിയർ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് താരങ്ങളെ ഇവർ തിരഞ്ഞെടുക്കേണ്ടത്. ഓരോരുത്തരും നൽകിയ വോട്ടുകളുടെ പോയിന്റ് കണക്കാക്കിയാണ് പുരസ്‌കാരത്തിനുള്ള ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുക.

പിഎസ്‌ജിയുടെ അർജന്റീനിയൻ താരമായ ലയണൽ മെസിയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന താരമെങ്കിലും മുൻ വർഷങ്ങളിലേതിൽ നിന്നും വിഭിന്നമായി തുറന്ന പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. മെസിക്കു പുറമെ ചെൽസി താരം ജോർജിന്യോ, ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി, റയൽ മാഡ്രിഡ് താരം കരിം ബെൻസിമ എന്നിവർക്കെല്ലാം പുരസ്‌കാരത്തിനു സാധ്യത കൽപ്പിക്കപ്പെടുന്നു.

facebooktwitterreddit