ഒബാമയാങിനു പകരക്കാരനായി സീരി എ ടോപ് സ്‌കോറർ ആഴ്‌സണലിലെത്തുമെന്ന സൂചനകൾ നൽകി മൈക്കൽ അർടെട്ട

Sreejith N
Norwich City v Arsenal - Premier League
Norwich City v Arsenal - Premier League / Harriet Lander/GettyImages
facebooktwitterreddit

വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണലുമായി ചേർത്ത് ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് സീരി എയിൽ ഫിയോറെന്റീനയുടെ സെർബിയൻ സ്‌ട്രൈക്കറായ ദുസൻ വ്ലാഹോവിച്ചിന്റെത്. കഴിഞ്ഞ ദിവസം പോളിഷ് സ്‌ട്രൈക്കറായ പിയാടെക്കിനെ ഫിയോറെന്റീന സ്വന്തമാക്കുക കൂടി ചെയ്‌തതോടെ വ്ലാഹോവിച്ച് അഭ്യൂഹങ്ങൾ ഒന്നുകൂടി ശക്തി പ്രാപിക്കുകയും ചെയ്‌തു.

ഈ സീസണിൽ ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയ വ്ലാഹോവിച്ചിനായി 60 മില്യൺ പൗണ്ടാണ് ഫിയോറെന്റീന ആവശ്യപ്പെടുന്നത്. വ്ലാഹോവിച്ചിനു വേണ്ടി വമ്പൻ ഓഫറുമായി ന്യൂകാസിൽ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബുകൾ ഉണ്ടെങ്കിലും ആഴ്‌സണലിന് ഈ മാസം വലിയ തുക നൽകിയുള്ള സൈനിംഗുകൾ നടത്താൻ കഴിയുമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന വഴി താരം ഗണ്ണേഴ്‌സിലേക്ക് തന്നെ എത്തുമെന്ന സൂചനകളാണ് അർടെട്ട നൽകുന്നത്.

"നിലവിലെ സാഹചര്യവും സ്‌ക്വാഡിനെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന രീതിയും വെച്ച് ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും പരമാവധി ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്, ഞങ്ങൾ ശ്രദ്ധയോടെ തുടരുകയുമാണ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ ഉള്ളതിനാൽ എഡുവും അദ്ദേഹത്തിന്റെ ടീമും അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്."

"ജനുവരിയിലാണോ സമ്മറിലാണോ അതു ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുകയെന്നത് മറ്റൊരു ചോദ്യമാണ്. കാരണം ഇതു മറ്റു പല കാര്യങ്ങളുമായും ബന്ധപ്പെട്ടു നിൽക്കുന്നു. ഇത് ശരിയായ കളിക്കാരനും ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നയാളും ആണെങ്കിൽ ആഗ്രഹിച്ചത് ചെയ്യാൻ ഞങ്ങൾക്ക് കഴിയും."

"ഞങ്ങൾ അക്കാര്യത്തെക്കുറിച്ച് ചർച്ചകൾ ചെയ്യുകയും സാധ്യമായ ഏറ്റവും മികച്ച തീരുമാനം എടുക്കുകയും ചെയ്യും. തുറന്ന സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്." വ്ലാഹോവിച്ച് അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അർടെട്ട പ്രതികരിച്ചു.

ഒബാമയാങ് ടീമിൽ നിന്നും തഴയപ്പെട്ടതോടെ ടോപ് ഫോർ ലക്‌ഷ്യം വെക്കുന്ന ആഴ്‌സണലിന് ഒരു സ്‌ട്രൈക്കർ അത്യാവശ്യമാണ്. നിലവിൽ ഫിയോറെന്റീനയിൽ ലോണിൽ കളിക്കുന്ന ആഴ്‌സണൽ താരം ലൂക്കാസ് ടോരെരയെ വ്ലാഹോവിച്ചിനെ സ്വന്തമാക്കാൻ ഗണ്ണേഴ്‌സ്‌ ഉപയോഗിക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit