Football in Malayalam

കുട്ടീന്യോയെ സ്വന്തമാക്കാൻ അർടെട്ടക്ക് സമ്മതം, ബ്രസീലിയൻ താരം ആഴ്‌സണലിലേക്ക്

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണക്ക് തീർച്ചയായും ഒഴിവാക്കേണ്ട താരമാണ് ബ്രസീലിയൻ മിഡ്‌ഫീൽഡറായ ഫിലിപ്പെ കുട്ടീന്യോ. ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയാത്ത താരത്തെ ഒഴിവാക്കിയാൽ ഡാനി ആൽവസ്, ഫെറൻ ടോറസ് എന്നിവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് എളുപ്പമാകും.

ബാഴ്‌സലോണ ഒഴിവാക്കാൻ ശ്രമിക്കുന്ന കുട്ടീന്യോ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സനലിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമങ്ങളെ അടിസ്ഥാനമാക്കി സ്‌പോർട് റിപ്പോർട്ട് ചെയ്‌തതു പ്രകാരം താരത്തെ ആഴ്‌സണലിൽ എത്തിക്കാൻ പരിശീലകൻ അർടെട്ടക്ക് താൽപര്യമുണ്ട്.

ഈ സീസണിൽ ഫോം തിരിച്ചു പിടിക്കുന്ന ആഴ്‌സണൽ നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി പന്ത്രണ്ടു പോയിന്റ് പിന്നിലാണെങ്കിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്തി ഇപ്പോഴത്തെ നില കൂടുതൽ ഭദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഴ്‌സണൽ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു കാലത്ത് തരംഗം സൃഷ്‌ടിച്ച താരമായിരുന്നു കുട്ടീന്യോ. ലിവർപൂളിനോപ്പം തകർപ്പൻ പ്രകടനം നടത്തിയതിനു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരത്തിന് ലീഗിലുള്ള പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നാണ് ആർടെട്ട വിശ്വസിക്കുന്നത്.

ജനുവരിയിൽ താരത്തെ സ്ഥിരം ട്രാൻസ്‌ഫറിൽ ഒഴിവാക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നതെങ്കിലും ചിലപ്പോൾ അത് ലോൺ കരാറായി മാറാനുള്ള സാധ്യതയുമുണ്ട്. എന്തായാലും സാവിയുടെ പദ്ധതികളിൽ ബ്രസീലിയൻ താരത്തിന് ഇടമില്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit