Football in Malayalam

പിഎസ്‌ജി പരിശീലകനാവാൻ താൽപര്യമുണ്ടെന്ന സൂചന നൽകി അർടെട്ട

Sreejith N
West Ham United v Arsenal - Premier League
West Ham United v Arsenal - Premier League / Pool/Getty Images
facebooktwitterreddit

പിഎസ്‌ജി പരിശീലകനാവാൻ തനിക്ക് താൽപര്യമുണ്ടെന്ന സൂചന നൽകി ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെറ്റ. എന്നാൽ ആഴ്‌സണലിൽ തനിക്ക് ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും സ്പാനിഷ് പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ സീസണിനിടയിൽ ആഴ്‌സണലിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത അർടെട്ട എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങൾ ടീമിന് സമ്മാനിച്ചിരുന്നു. ഈ സീസണിൽ ടീമിനെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

"ഞാൻ പാരീസിനെ ഇഷ്ടപ്പെടുന്നു. അവിടെ നിന്നും എനിക്ക് വളരെ നല്ല ഓർമകളാണ് ലഭിച്ചിട്ടുള്ളത്. ഒരു പ്രൊഫെഷണൽ എന്ന നിലയിൽ എന്റെ ആദ്യത്തെ ക്ലബ് അതായിരുന്നു. അതെപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. സംഭവിക്കുമെന്ന് നമുക്കറിയില്ലെങ്കിലും ആഴ്‌സണലിൽ ഒരുപാട് ജോലികൾ എനിക്ക് ചെയ്‌തു തീർക്കാനുണ്ട്," അർടെട്ട ബീയിൻ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

2019 ഡിസംബറിലാണ് അർടെട്ടയെ എമറിക്ക് പകരക്കാരനായി ആഴ്‌സണൽ നിയമിക്കുന്നത്. ക്ലബ്ബിനെ എട്ടാം സ്ഥാനത്തെത്തിക്കാനും ചെൽസിയെ തോൽപിച്ച് എഫ്എ കപ്പ് വിജയം നേടാനും അതിനു ശേഷം ഈ സീസണിന്റെ തുടക്കത്തിൽ കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കാനും കഴിഞ്ഞതോടെ സ്പാനിഷ് പരിശീലകനിൽ ആരാധകർക്കുള്ള പ്രതീക്ഷ വളരെയധികം ഉയർന്നു.

ഈ സീസണിന്റെ തുടക്കം വിജയങ്ങളോടെയായിരുന്നു എങ്കിലും അത് നിലനിർത്തി പോകാൻ ആഴ്‌സണലിന് കഴിഞ്ഞില്ല. ലിവർപൂളിനെതിരായ തോൽവിയോടെ മോശം ഫോമിലേക്ക് വീണ ആഴ്‌സണൽ ഇപ്പോൾ സമ്മിശ്രമായ പ്രകടനങ്ങൾ നടത്തി പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്താണ്. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമിന് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞാൽ മാത്രമേ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷിക്കാൻ കഴിയൂ.

facebooktwitterreddit