കുട്ടീന്യോയെ സ്വന്തമാക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ആഴ്സണൽ പരിശീലകൻ അർടെട്ട


ബാഴ്സലോണ താരമായ ഫിലിപ്പെ കുട്ടീന്യോയെ സ്വന്തമാക്കാൻ ആഴ്സണൽ കൂടുതൽ സമ്മർദ്ദം ചെലുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി പരിശീലകൻ മൈക്കൽ അർടെട്ട. ആഴ്സണലും ആസ്റ്റൺ വില്ലയും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേയാണ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ നിന്നും ആഴ്സണൽ പുറകോട്ടു പോയതിനെ കുറിച്ച് അർടെട്ട സംസാരിച്ചത്.
ബാഴ്സലോണയിൽ തിളങ്ങാൻ കഴിയാതെ പോയ കുട്ടീന്യോയെ കഴിഞ്ഞ സമ്മറിൽ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന ക്ലബുകളിൽ ഒന്നായിരുന്നു ആഴ്സണൽ. എന്നാൽ പിന്നീട് ആ നീക്കങ്ങളിൽ നിന്നും പുറകോട്ടു പോയ അവർ റയൽ മാഡ്രിഡ് താരം മാർട്ടിൻ ഒഡേഗാർഡിനെയാണ് ടീമിലെത്തിച്ചത്. അതോടെ ബാഴ്സലോണയിൽ തന്നെ തുടർന്ന കുട്ടീന്യോ പിന്നീട് ജനുവരി ജാലകത്തിൽ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറി ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്.
Philippe Coutinho was on Arsenal's radar before joining Aston Villa.#AFChttps://t.co/edT9RmGIEw
— football.london (@Football_LDN) March 18, 2022
"ഞങ്ങൾ കഴിവുള്ള നിരവധി വ്യത്യസ്ത താരങ്ങളെ നോക്കി, താരവും അതിലൊരാളായിരുന്നു എങ്കിലും അവസാനം ഞങ്ങൾ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് നടത്തുകയാണുണ്ടായത്." കുട്ടീന്യോക്കു പകരം ഒഡേഗാർഡിനെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള തീരുമാനത്തെക്കുറിച്ച് അർടെട്ട പറഞ്ഞു.
ആസ്റ്റൺ വില്ലയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് കുട്ടീന്യോ എന്നും അർടെട്ട പറഞ്ഞു. ടീമിന്റെ ആക്രമണനിരയിൽ വളരെ സംഭാവന ചെയ്യുന്ന താരത്തിന് ഗോളുകൾ നേടാനും അസിസ്റ്റ് നൽകാനും സ്പേസുകൾ ഉണ്ടാക്കിയെടുക്കാനും കഴിയുമെന്നും ലിവർപൂളിൽ അതു തെളിയിച്ചിട്ടുണ്ടെന്നും സ്പാനിഷ് പരിശീലകൻ കൂട്ടിച്ചേർത്തു.
ബാഴ്സലോണയിൽ നിന്നും ലോണിൽ ആസ്റ്റൺ വില്ലയിൽ എത്തിയ കുട്ടീന്യോ ഇതുവരെ ഒൻപതു മത്സരങ്ങൾ കളിച്ച് നാലു ഗോളുകളും മൂന്നു അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണു ശേഷം താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല തയ്യാറെടുക്കുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.