എഫ്എ കപ്പിൽ നിന്നുമുള്ള ഞെട്ടിക്കുന്ന പുറത്താകലിൽ ആഴ്‌സണൽ താരങ്ങളെ കുറ്റപ്പെടുത്തി അർടെട്ട

Nottingham Forest v Arsenal: The Emirates FA Cup Third Round
Nottingham Forest v Arsenal: The Emirates FA Cup Third Round / Michael Regan/GettyImages
facebooktwitterreddit

എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ നിന്നുമുള്ള ആഴ്‌സനലിന്റെ ഞെട്ടിക്കുന്ന പുറത്താകലിൽ ടീമിലെ താരങ്ങളെ കുറ്റപ്പെടുത്തി പരിശീലകൻ മൈക്കൽ അർടെട്ട. ഇന്നലെ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങിയ ലെവിസ് ഗ്രബാൻ എൺപത്തിയൊന്നാം മിനുട്ടിൽ നേടിയ ഗോളിൽ നോട്ടിങ്ഹാം ഫോറെസ്റ്റാണ് കളിയിൽ മോശം പ്രകടനം നടത്തിയ ആഴ്‌സനലിനെ കീഴടക്കിയത്.

2017/18 സീസണിലെ എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടിൽ പുറത്തായതിനു ശേഷം ഇതാദ്യമായാണ് അതെ ഘട്ടത്തിൽ ആഴ്‌സണൽ കാലിടറി വീഴുന്നത്. രണ്ടു തവണയും ആഴ്‌സനലിനെ തോൽപ്പിച്ചത് നോട്ടിങ്ഹാം ആയിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആഴ്‌സണൽ തങ്ങളുടെ കഴിവിന്റെ അടുത്തു പോലും എത്തിയില്ലെന്ന് അർടെട്ട കുറ്റപ്പെടുത്തി.

"ഞങ്ങൾ കുറച്ചു കൂടി ഉണർന്നു കളിക്കണം, എല്ലാ കാര്യങ്ങളിലും എന്തു വില കൊടുത്തും വിജയം നേടാനുള്ള ആഗ്രഹം ഉണ്ടാകണം, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ. പക്ഷെ ഞങ്ങൾ ഞങ്ങളുടെ നിലവാരത്തിൽ എത്തിയില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ സ്‌പാനിഷ്‌ പരിശീലകൻ പറഞ്ഞു.

"ടീമിന്റെ പ്രകടനത്തിൽ ഞാൻ വളരെ നിരാശനാണെന്നത് ആദ്യത്തെ കാര്യം. ടീമിന്റെ മനോഭാവമല്ല, മറിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരം അവർ ഞങ്ങൾക്ക് നൽകുമ്പോൾ എന്ത് ലക്ഷ്യബോധവും ദൃഢനിശ്ചയവുമാണ് ഞങ്ങൾ അതിനെ മറികടക്കാൻ കാണിച്ചതെന്ന് ആലോചിച്ചാണ്."

"ഇതുപോലെയുള്ള മത്സരങ്ങൾ കഴിഞ്ഞ പതിനെട്ടു വർഷമായി ഞാൻ കാണുന്നുണ്ട്, അതെത്രത്തോളം സങ്കീർണമാകുമെന്നും എനിക്ക് വ്യക്തമായി അറിയാം. ഈ ബുദ്ധിമുട്ടുകൾ സ്വാഭാവികമായ കാര്യമാണ്. എന്നാൽ അതിനെ നേരിടാനിറങ്ങുമ്പോൾ വ്യത്യസ്‌തമായ സമീപനമാണ് നമ്മൾ പുലർത്തേണ്ടത്."

"ഇത് വളരെ വേദന സൃഷ്ടിക്കുന്നതാണ്, ഈ ടൂർണമെന്റ് ഞങ്ങളുടെ ചരിത്രവുമായി വളരെ അടുത്തു കിടക്കുന്നതാണ്. അതിൽ നിന്നും പുറത്തു കടക്കുന്നത് വലിയ നിരാശ തന്നെയാണ്." അർടെട്ട വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.