വെങ്ങർ ഒരുക്കിയ അടിത്തറ ഇപ്പോഴുമുണ്ട്, അതിൽ നിന്നും ആഴ്‌സനലിനെ കെട്ടിപ്പടുക്കാൻ തനിക്കു കഴിയുമെന്ന് അർടെട്ട

Sreejith N
Arsenal v Tottenham Hotspur - Premier League
Arsenal v Tottenham Hotspur - Premier League / Clive Rose/Getty Images
facebooktwitterreddit

ആഴ്‌സനലിൽ പിൻഗാമികൾക്കു വിജയിക്കാനാവശ്യമായ അടിത്തറ ആഴ്‌സൺ വെങ്ങർ പാകിയിട്ടുണ്ടെന്നും അതിൽ നിന്നും ടീമിനെ കെട്ടിപ്പടുക്കാൻ തനിക്ക് കഴിയുമെന്നും നിലവിലെ പരിശീലകൻ മൈക്കൽ അർടെട്ട. ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടി ടോട്ടനത്തിനെ ആഴ്‌സണൽ തകർത്തെറിഞ്ഞ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അർടെട്ട ഇക്കാര്യം പറഞ്ഞത്.

ഈ സീസണിൽ വളരെ മോശം തുടക്കമാണ് ആഴ്‌സണലിനു ലഭിച്ചത്. ആദ്യത്തെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ടീം തോറ്റതോടെ സ്‌പാനിഷ്‌ പരിശീലകനു മേൽ സമ്മർദ്ദമുണ്ടായി എങ്കിലും അതിനു ശേഷം നടന്ന നാലു മത്സരങ്ങളിലും ടീം വിജയം കണ്ടെത്തിയിട്ടുണ്ട്. ടീം ശരിയായ പാതയിലാണെന്ന അർടെട്ടയുടെ വാക്കുകളെ ശരിവെക്കുള്ള പ്രകടനമാണ് ആഴ്‌സണൽ ഇപ്പോൾ നടത്തുന്നത്.

വെങ്ങർ ആഴ്‌സണൽ പരിശീലകസ്ഥാനത്തു നിന്നും ഒഴിവായതിനു ശേഷം ടീമിന്റെ പ്രകടനം പിന്നോട്ടു പോയെന്ന വാദം ശരിയല്ല എന്നും വിജയിക്കാനുള്ള അടിത്തറ അദ്ദേഹം പാകിയിട്ടുണ്ടെന്നും അർടെട്ട പറഞ്ഞു. "ആ അടിത്തറ ഇപ്പോഴുമുണ്ട്. ആഴ്‌സൺ വെങ്ങറെപ്പോലുള്ള ആളുകൾ ക്ലബിനു വേണ്ടി ചെയ്‌ത കാര്യങ്ങൾ കൊണ്ടാണ് അതുള്ളതെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം പോയപ്പോൾ എല്ലാം കൂടെപ്പോയില്ല, പല കാര്യങ്ങളും ഇവിടെ തുടർന്നു." അർടെട്ട സ്കൈ സ്പോർട്സിനോട് പറഞ്ഞു.

ക്ലബ് മുന്നോട്ടു വെക്കുന്ന മൂല്യങ്ങളെക്കുറിച്ചുള്ള പഠനമാണ് വെങ്ങർ നൽകിയ പ്രധാന സംഭാവനകളിൽ ഒന്നെന്നാണ് അർടെട്ട പറയുന്നത്. ഈ ക്ലബ് എന്താണ് ചെയ്യുന്നത് എന്നതിനെ ഏറ്റവും മനോഹരമായ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചുവെന്നു പറഞ്ഞ അർടെട്ട വെങ്ങറുടെ കീഴിൽ ആഴ്‌സണൽ മനോഹരമായ ഫുട്ബോൾ കളിച്ചിരുന്നതിനെ കുറിച്ചും കൂട്ടിച്ചേർത്തു. ആഴ്‌സണൽ ആരാധകർക്കും ഫുട്ബോൾ ലോകത്തിനും സന്തോഷം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അർടെട്ട കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന വെസ്റ്റ് ലണ്ടൻ ഡെർബിയിൽ എമിൽ സ്‌മിത്ത്‌ റോവേ, ഒബാമയാങ്, ബുക്കായോ സാക എന്നിവരാണ് ആഴ്‌സനലിനെ വിജയിത്തിലെത്തിച്ച ഗോളുകൾ നേടിയത്. തുടർച്ചയായ നാലാം വിജയം ആഴ്‌സണൽ നേടിയതോടെ ഈ സീസണിൽ കിരീടപ്പോരാട്ടത്തിനു വെല്ലുവിളിയുയർത്താൻ തങ്ങൾക്കു കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

facebooktwitterreddit