"ചാമ്പ്യൻസ് ലീഗ് കളിക്കേണ്ട ടീമെന്ന നിലവാരം ആഴ്സണൽ കാണിച്ചില്ല"- ന്യൂകാസിലിനോടുള്ള തോൽവിയിൽ പ്രതികരിച്ച് അർടെട്ട


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോടു തോറ്റതിനു പിന്നാലെ ആഴ്സനലിന്റെ പ്രകടനത്തെ വിമർശിച്ച് പരിശീലകൻ അർടെട്ട. ചാമ്പ്യൻസ് ലീഗിൽ കളിക്കേണ്ട ടീമിന്റെ നിലവാരം ആഴ്സണൽ കാണിച്ചില്ലെന്നും ന്യൂകാസിൽ യുണൈറ്റഡ് തങ്ങളേക്കാൾ പത്തു മടങ്ങ് കരുത്തരായിരുന്നുവെന്നും അർടെട്ട പറഞ്ഞു.
ടോട്ടനത്തിനു പിന്നിൽ അഞ്ചാം സ്ഥാനത്തു നിന്നിരുന്ന ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്നെങ്കിലും ന്യൂകാസിലിന്റെ മൈതാനത്ത് അവർക്ക് അടിപതറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പന്ത്രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിൽ ഗണ്ണേഴ്സിനെ വീഴ്ത്തിയത്.
"It was a really difficult night to swallow"
— Sky Sports Premier League (@SkySportsPL) May 16, 2022
Mikel Arteta reacts to Arsenal's 2-0 defeat to Newcastle ? pic.twitter.com/GgHsiNirTB
"ന്യൂകാസിൽ ഞങ്ങളെക്കാൾ മികച്ച ടീമായിരുന്നു, അവർ വിജയവും അർഹിക്കുന്നു. ഞങ്ങൾക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ എല്ലാ മേഖലയിലും മികച്ചു നിൽക്കുകയും ഞങ്ങൾ പന്തുമായി മോശം പ്രകടനം നടത്തുകയും ചെയ്തു. മത്സരത്തിൽ പരിക്കിനെ തുടർന്നുള്ള സബ്സ്റ്റിട്യൂഷൻ അടക്കം നിരവധി കാര്യങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ അവർ ഞങ്ങളെക്കാൾ മികച്ചതായിരുന്നു എന്നതിനാൽ ഇതൊന്നും ഒരു ഒഴികഴിവല്ല."
"ഇവിടെ കളിക്കേണ്ടി വന്നതിനാൽ ഞങ്ങൾക്ക് മത്സരവുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് മത്സരത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചെങ്കിലും അതുകൊണ്ട് ഗുണമുണ്ടായില്ല. ചില സമയങ്ങളിൽ ഞങ്ങൾ മികച്ചു നിന്നെങ്കിലും നീക്കങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നെ ഞങ്ങൾ വഴങ്ങിയ ഗോളുകളും വളരെ മോശമായിരുന്നു."
"ന്യൂകാസിൽ ഞങ്ങളെക്കാൾ പത്തു മടങ്ങ് മികച്ച ടീമായിരുന്നു എന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ പ്രകടനം ചാമ്പ്യൻസ് ലീഗ് കളിക്കേണ്ട ടീമിന്റെ അടുത്തു പോലും എത്തുന്നതായിരുന്നില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അർടെട്ട പറഞ്ഞു.
ഈ സീസണിൽ പതിമൂന്നാമത്തെ തോൽവി വഴങ്ങിയതോടെ ആഴ്സനൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ ടോട്ടനം ഒരു സമനില എങ്കിലും നേടിയാൽ ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടും. ടോട്ടനം തോറ്റാൽ മാത്രമേ അവർക്ക് പ്രതീക്ഷയുള്ളൂ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.