Football in Malayalam

ഖത്തർ ലോകകപ്പിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓഫ്‌സൈഡ് കണ്ടെത്തുന്നത് നടപ്പിലായേക്കുമെന്ന് ആഴ്‌സൻ വെങ്ങർ

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-CHI-BOL
FBL-WC-2022-SAMERICA-QUALIFIERS-CHI-BOL / MARCELO HERNANDEZ/GettyImages
facebooktwitterreddit

സാങ്കേതികവിദ്യയിലൂടെ ഓഫ്‌സൈഡ് കണ്ടെത്തുന്ന സമ്പ്രദായം അടുത്ത ലോകകപ്പിൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ ആഴ്‌സണൽ പരിശീലകനായ ആഴ്‌സൺ വെങ്ങർ. റഫറിയുടെ തീരുമാനങ്ങൾ പലതും സുഗമമാക്കാൻ ടെക്‌നോളജി കൂടുതലായി ഫുട്ബോൾ കളങ്ങളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് ഓഫ്‌സൈഡ് കോളിനും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന കാര്യം പരിഗണിക്കുന്നത്.

വീഡിയോ അസിസ്റ്റന്റ് റഫറിയിങ്, ഗോൾലൈൻ ടെക്‌നോളജി എന്നിവയാണ് സമീപകാലത്ത് ഫുട്ബോളിൽ കടന്നു വന്നിട്ടുള്ള പ്രധാന സാങ്കേതിക വിദ്യകൾ. ഇവയുടെ സ്വാധീനം റഫറിമാരുടെ തീരുമാനങ്ങളെ തിരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും ഉപകരിക്കുന്നുണ്ട് എന്നിരിക്കെയാണ് അടുത്ത ചുവടുവെപ്പായി ഓഫ്‌സൈഡ് കോളിലും സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന നിർദ്ദേശം ഫിഫയുടെ ഗ്ലോബൽ ഡെവലപ്മെന്റ് ചീഫായ വെങ്ങർ മുന്നോട്ടു വെക്കുന്നത്.

"തീരുമാനങ്ങൾ എടുക്കുന്നതു വേഗത്തിലാക്കേണ്ട പ്രക്രിയ തുടർന്നു കൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും ഓഫ്‌സൈഡുകളുടെ കാര്യത്തിൽ. 2022ൽ, ലോകകപ്പിൽ നമുക്ക് വളരെ വേഗത്തിൽ കൃത്യമായി ഓഫ്‌സൈഡ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും. മത്സരങ്ങളുടെ സമയം കുറച്ചു മാത്രമേ ഇതെടുക്കുകയുള്ളൂ, വിആറിനെ സംബന്ധിച്ച പ്രധാന പ്രശ്‌നം അതായിരുന്നു," മാധ്യമങ്ങളോട് വെങ്ങർ പറഞ്ഞു.

"അതിൽ വൈകാരികപരമായ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം, എന്നാൽ അതിനു ശേഷം നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ വേണോ, വേണ്ടയോ എന്നറിയാൻ കഴിയും. 2022 ലോകകപ്പിൽ ഓഫ്‌സൈഡ് കോളുകൾ ഓട്ടോമേറ്റഡ് ആകാൻ വളരെയധികം സാധ്യതയുണ്ട്. ഞാൻ രഹസ്യാത്മകത പാലിക്കുന്നു, എന്നാൽ റഫറിയിങ്ങിലെ വലിയ സംഭവവികാസങ്ങളിൽ ഒന്നായിരിക്കുമിത്," വെങ്ങർ വ്യക്തമാക്കി.

വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിന് എതിരായി ഉയരുന്ന വിമർശനങ്ങൾക്കും മുൻ ആഴ്‌സണൽ പരിശീലകൻ മറുപടി നൽകി. വീഡിയോ റഫറിയിങ് ഫുട്ബോളിലെ തീരുമാനങ്ങൾ മെച്ചപ്പെടുത്താൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് വെങ്ങർ അഭിപ്രായപ്പെടുന്നത്. മുൻപ് 93 ശതമാനം തീരുമാനങ്ങൾ ഫുട്ബാൾ കളങ്ങളിൽ കൃത്യമായിരുന്നപ്പോൾ ഇപ്പോഴത് 97 ശതമാനമായി വർധിച്ചുവെന്നും എന്നാൽ വിഎആറിനു ചിലവ് അധികമാണെന്നും വെങ്ങർ പറഞ്ഞു.


facebooktwitterreddit