Football in Malayalam

2022 ലോകകപ്പിൽ ലൈൻ റഫറിമാരായേക്കില്ല ഓഫ്‌സൈഡ് തീരുമാനിക്കുകയെന്ന് ആഴ്‌സൻ വെങ്ങർ

Sreejith N
The Best FIFA Football Awards
The Best FIFA Football Awards / Pool/Getty Images
facebooktwitterreddit

ലൈൻ റഫറിമാർ ഓഫ്‌സൈഡ് തീരുമാനിക്കുന്ന രീതി 2022 ലോകകപ്പിൽ ഉണ്ടായേക്കില്ലെന്ന് മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങ്ങർ. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ മേധാവിയായ അദ്ദേഹം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്വയം പ്രവർത്തിക്കുന്ന രീതിയിൽ (ഓട്ടോമേറ്റഡ്) ഓഫ്‌സൈഡ് വിളികളെ ക്രമീകരിക്കാനുള്ള പദ്ധതികൾ ഫിഫ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് വ്യക്തമാക്കി.

"സ്വയമേവ പ്രവർത്തിക്കുന്ന ഓഫ്‌സൈഡ് സമ്പ്രദായം 2022 ലോകകപ്പിന് തയ്യാറാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന സിഗ്നൽ നേരിട്ട് ലൈൻസ്‌മാനിലേക്ക് പോകുകയും അയാളുടെ വാച്ചിൽ ഓഫ്‌സൈഡ് ആണോ അല്ലയോ എന്ന് കാണിക്കുകയും ചെയ്യുന്ന രീതിയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്," ഫിഫയുടെ ലിവിങ് ഫുട്ബാൾ ഷോയിൽ വെങ്ങർ പറഞ്ഞു.

"കളിക്കാർ ലൈനിലുള്ളതു നോക്കി ഓഫ്‌സൈഡാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇതിന് എഴുപതു സെക്കൻഡും ചിലപ്പോൾ ഒരു മിനുട്ടും ഇരുപതു സെക്കൻഡും സങ്കീർണമായതാണെങ്കിൽ അതിൽ കൂടുതലോ സമയം വേണ്ടി വന്നേക്കും. ചെറിയ വ്യത്യാസങ്ങൾ മൂലം പല ഗോളാഘോഷങ്ങളും ഒഴിവാക്കപ്പെടുന്നത് ഞങ്ങൾ കണ്ടിട്ടുള്ളതു കൊണ്ട് പുതിയ സംവിധാനം പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു.

"സെമി-ഓട്ടോമേറ്റഡ് ആദ്യം പോകുന്നത് വീഡിയോ റഫറിയിങ് വിഭാഗത്തിലേക്കും അവിടെ നിന്നും ലൈൻസ്‌മാന്റെ അടുത്തേക്കുമാണ്. ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് നടപ്പിലാക്കാൻ ഞാൻ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതിനർത്ഥം സിഗ്നൽ നേരിട്ട് ലൈൻസ്‌മാനാണു ലഭിക്കുകയെന്നാണ്," വെങ്ങർ വ്യക്തമാക്കി.

2019ലെ ക്ലബ് ലോകകപ്പിൽ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് നിയമം ഫിഫ നടപ്പിലാക്കിയിരുന്നു. അതിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയർന്നതെങ്കിലും ലോകകപ്പിൽ ഇതിന്റെ പരിഷ്കരിച്ച രൂപം നേരിട്ട് നടപ്പിലാക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയേക്കാം. നിലവിൽ ഫിഫ കൊണ്ടുവന്ന വീഡിയോ റഫറിയിങ് സംവിധാനം തന്നെ പലപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്.


facebooktwitterreddit