Football in Malayalam

യൂറോ കപ്പിലെ സൂപ്പർ ഫേവറിറ്റുകൾ ആരെന്നും, അവർക്ക് പ്രധാന ഭീഷണി ഏത് ടീമെന്നും വ്യക്തമാക്കി ആഴ്‌സെൻ വെംഗർ

Gokul Manthara
The Best FIFA Football Awards
The Best FIFA Football Awards / Pool/Getty Images
facebooktwitterreddit

ഈ വർഷത്തെ യൂറോ കപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള സൂപ്പർ ഫേവറിറ്റുകൾ ഫ്രാൻസാണെന്നും അവർക്ക് ടൂർണമെന്റിൽ ഏറ്റവും വലിയ ഭീഷണിയാവുക ഇംഗ്ലണ്ടായിരിക്കുമെന്നും വിഖ്യാത പരിശീലകൻ ആഴ്‌സെൻ വെംഗർ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു നിലവിൽ ഫിഫയുടെ ഗ്ലോബൽ ഡെവലപ്പ്മെന്റ് ചീഫായി പ്രവർത്തിക്കുന്ന വെംഗർ യൂറോ കപ്പിലെ കിരീട സാധ്യതകളെക്കുറിച്ച് മനസ് തുറന്നത്.

ഫ്രാൻസ് യൂറോ കപ്പിലെ ഫേവറിറ്റുകളല്ല മറിച്ച് സൂപ്പർ ഫേവറിറ്റുകൾ ആണെന്നാണ് വെംഗറിന്റെ പക്ഷം. കേവലം ഫേവറിറ്റ് എന്ന ടാഗിൽ ഫ്രാൻസിനെ ഒതുക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം മറ്റേതൊരു ദേശീയ ടീമിന്റേയും ആദ്യ ഇലവനിൽ കളിക്കാൻ കഴിയുന്ന 11 കളിക്കാരാണ് ഫ്രാൻസിന്റെ സൈഡ് ബെഞ്ചിലുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു‌. ഫ്രാൻസ്‌ ലോക ചാമ്പ്യന്മാരാണെന്ന വസ്തുത നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും ഇപ്പോളും ഫോമിന്റെ ഔന്നത്യത്തിൽ എത്തിയിട്ടില്ലാത്ത ടീമാണ് അവരെന്നും വെംഗർ ഇതിനൊപ്പം കൂട്ടിച്ചേർത്തു.

"ഫ്രാൻസ് ഇപ്പോളും മുന്നേറ്റം തുടർന്ന് കൊണ്ടിരിക്കുന്ന ടീമാണ്. കാരണം അവരെല്ലാം ചെറുപ്പക്കാരാണ്. രണ്ടോ, മൂന്നോ കളിക്കാരെ ഒഴിച്ചു നിർത്തിയാൽ ടീമിന്റെ കോർ വളരെ ചെറുപ്പമാണ്. "

ആഴ്സീൻ വെംഗർ.

അതേ സമയം ഗരത് സൗത്ത്ഗേറ്റിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിനെയാണ് ഇത്തവണത്തെ യൂറോയിൽ ഫ്രാൻസിന് ശക്തമായ ഭീഷണി സമ്മാനിക്കാൻ കഴിയുന്ന ടീമായി വെംഗർ ചൂണ്ടിക്കാട്ടുന്നത്. മികച്ച യുവ കളിക്കാർക്കൊപ്പം പരിചസമ്പന്നരായ ഒരു പറ്റം താരങ്ങളും അണിനിരക്കുന്ന ഇംഗ്ലണ്ടിന് കിരീടപ്പോരാട്ടത്തിൽ ഫ്രാൻസുമായി പോരാടാൻ കഴിയുമെന്നും ഇതിനൊപ്പം സ്റ്റാർ പരിശീലകൻ കൂട്ടിച്ചേർത്തു‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit