Football in Malayalam

ദേശീയ ടീം പരിശീലകനായി ആഴ്‌സൻ വെങ്ങർ തിരിച്ചു വരാൻ സാധ്യത

Sreejith N
The Best FIFA Football Awards
The Best FIFA Football Awards / Pool/Getty Images
facebooktwitterreddit

മൂന്നു വർഷങ്ങൾക്കു ശേഷം മുൻ ആഴ്‌സണൽ മാനേജറായ ആഴ്‌സൺ വെങ്ങർ ഫുട്ബോൾ പരിശീലകനായി തിരിച്ചെത്താൻ സാധ്യത. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ ബോർഡെക്‌സ് പരിശീലകനാവാൻ വേണ്ടി സ്ഥാനമൊഴിഞ്ഞ വ്ലാദിമിർ പെറ്റ്‌കോവിച്ചിന് പകരക്കാരനായി സ്വിറ്റ്സർലൻഡ് ദേശീയ ടീം കോച്ചാവാൻ പരിഗണിക്കുന്നവരിൽ വെങ്ങറുമുണ്ട്.

2018ൽ ആഴ്‌സനലിന്റെ മാനേജർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം പിന്നീട് മറ്റൊരു ടീമിനെയും പരിശീലിപ്പിക്കാൻ വെങ്ങർ തയ്യാറായിട്ടില്ല. ഇക്കാലയളവിൽ നിരവധി ടീമുകളുടെ ഓഫർ അദ്ദേഹം നിരാകരിക്കുകയും ചെയ്‌തിരുന്നു. ഇതുവരെയും റിട്ടയർമെന്റ് പ്രഖ്യാപിച്ചിട്ടില്ലാത്ത വെങ്ങറിനെ ലോകകപ്പിനു മുന്നോടിയായി ടീമിലെത്തിക്കാനാണ് സ്വിസ് ഫുട്ബോൾ ഫെഡറേഷൻ ശ്രമിക്കുന്നതെന്ന് സ്വിറ്റർലാൻഡ് മാധ്യമം ബ്ലിക്ക് റിപ്പോർട്ടു ചെയ്യുന്നു.

നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെണ്ട് ചീഫായ വെങ്ങറെ ഇതാദ്യമായല്ല സ്വിറ്റ്സർലൻഡ് ദേശീയ ടീം പരിശീലകനാക്കാൻ ശ്രമിക്കുന്നത്. വെങ്ങർ ആഴ്‌സണൽ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ്, 1995ലും സമാനമായ നീക്കം അവർ നടത്തിയിരുന്നെങ്കിലും ഫ്രഞ്ച് പരിശീലകനായി ധാരണയിലെത്താൻ അവർക്കു കഴിഞ്ഞില്ല.

അതേസമയം വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് പരിശീലകനാവാനുള്ള ഓഫർ സ്വിറ്റ്സർലൻഡ് മുന്നോട്ടു വെച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥാനമേറ്റെടുക്കുന്നവർ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിനെ നയിക്കുന്നതിനു പുറമെ സ്വിസ് ടീം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയില്ലെങ്കിൽ മാർച്ചിൽ നടക്കുന്ന പ്ലേ ഓഫിലും ടീമിനെ നയിക്കേണ്ടി വരും.

ആഴ്‌സണലിനു പത്തോളം കിരീടങ്ങൾ സമ്മാനിച്ചിട്ടുള്ള വെങ്ങർ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്. എന്നാൽ ആഴ്‌സണലിൽ മാറ്റം വേണമെന്ന ആവശ്യം ആരാധകർ നിരന്തരം ഉയർത്തിയതോടെയാണ് അദ്ദേഹം സ്ഥാനമൊഴിയാൻ നിർബന്ധിതനായത്. അതിനു ശേഷം പഴയ ഫോം വീണ്ടെടുക്കാൻ ഗണ്ണേഴ്‌സിനു കഴിഞ്ഞിട്ടുമില്ല.

facebooktwitterreddit