എഫ് എ കപ്പ് കിരീടം ആഴ്‌സണലിന്; ഫൈനലിൽ ചെൽസിക്കെതിരെ പിന്നിൽ നിന്ന ശേഷം വിജയം

Pierre-Emerick Aubameyang
Arsenal v Chelsea - FA Cup Final | Catherine Ivill/Getty Images

എമിറേറ്റ്സ് എഫ് എ കപ്പ് കിരീടം ആഴ്‌സണലിന്. ഫൈനലിൽ ഫ്രാങ്ക് ലംപാർഡിന്റെ ചെൽസിയെ 2-1ന് പരാജയപ്പെടുത്തിയാണ് ആഴ്‌സണൽ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ തന്നെ ക്രിസ്ത്യൻ പുലിസിച്ചിന്റെ ഗോളിൽ മുന്നിൽലെത്തിയ ചെൽസിയെ ഓബമയാങ്ങിന്റെ ഇരട്ട ഗോളുകളിലൂടെയാണ് ആഴ്‌സനൽ മറികടന്നത്. 28ആം മിനുറ്റിൽ തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ആഴ്‌സണൽ നായകൻ, 67ആം മിനുറ്റിലാണ് ഗണ്ണേഴ്‌സിന്റെ വിജയഗോൾ നേടിയത്.

73ആം മിനുറ്റിൽ രണ്ടാമത്തെ മഞ്ഞക്കാർഡും ലഭിച്ച് കോവസിച്ച് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയ ചെൽസി സമനില ഗോളിന് വേണ്ടി ആഞ്ഞ് ശ്രമിച്ചെങ്കിലും ആഴ്‌സണൽ പ്രതിരോധം ഭേദിച്ച് വലയിൽ മുത്തമിടാൻ കഴിഞ്ഞില്ല.

പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കിയ ആഴ്‌സണലിന് വലിയ ആശ്വാസം നൽകുന്നതാണ് ഈ എഫ് എ കപ്പ് വിജയം. ഇതോടെ, യൂറോപ്പ ലീഗിന് യോഗ്യത നേടാനും ആഴ്‌സണലിന് കഴിഞ്ഞു.