Football in Malayalam

സർപ്രൈസ് നീക്കവുമായി ആഴ്സനൽ; ഔബമയാംഗ് ഉൾപ്പെടെയുള്ള 10 താരങ്ങൾ വിൽപ്പനക്ക്

By Gokul Manthara
Arsenal v Chelsea - Premier League
Arsenal v Chelsea - Premier League / Michael Regan/Getty Images
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപായി പണം സമ്പാദിക്കാൻ താല്പര്യപ്പെടുന്ന പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനൽ, തങ്ങളുടെ ക്യാപ്റ്റനായ ഗാബോൺ സൂപ്പർ താരം പിയറി എമറിക്ക് ഔബമയാംഗ് ഉൾപ്പെടെയുള്ള 10 കളികാരെ വിൽപ്പനക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. ബെൻ വൈറ്റ്, മാർട്ടിൻ ഒഡഗാർഡ്, ന്യൂനോ ടവരസ് എന്നിവരുൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ ഇക്കുറി ടീമിലെത്തിച്ച ആഴ്സനൽ ഏകദേശം 129 മില്ല്യൺ പൗണ്ടോളം വരുന്ന തുക സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു. എന്നാൽ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ആഴ്ചകളെത്തിയപ്പോളേക്കും ടീമിൽ നിന്ന് കളിക്കാരെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ബോർഡിന്റെ ഭാഗത്ത് നിന്നുയരുന്നത്.

ഔബമയാംഗ്, ബെൻട് ലെനോ, ഹെക്ടർ ബെല്ലറിൻ, കൊളാസിനാച്ച്, മൈറ്റ്ലാൻഡ് നൈൽസ്, ലൂക്കാസ് ടൊറേറ, വില്ല്യൻ, റീസ് നെൽസൺ, എൻകെറ്റിയ, അലസാന്ദ്രെ ലക്കാസറ്റെ എന്നീ 10 കളിക്കാരെയാണ് ആഴ്സനൽ വിൽക്കാൻ തയ്യാറായിരിക്കുന്നതെന്നും, ഇതിന് ക്ലബ്ബ് പരിശീലകൻ മൈക്കൽ അർട്ടേറ്റ അനുവാദം നൽകിയെന്നുമാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

ക്ലബ്ബ് വിൽക്കാൻ പരിഗണിക്കുന്നവരിൽ ഔബമയാംഗ് ഉൾപ്പെട്ടിരിക്കുന്നതാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നത്‌. നിലവിൽ ക്ലബ്ബിന്റെ ഏറ്റവും പ്രധാന താരങ്ങളിലൊരാളായ ഔബക്ക് മികച്ച റെക്കോർഡാണ് പീരങ്കിപ്പടക്കൊപ്പമുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ 250,000 പൗണ്ട് പ്രതിവാര ശമ്പളം ലഭിക്കുന്ന പുതിയ കരാറിൽ ആഴ്സനലുമായി ഒപ്പു വെച്ച ഈ മുപ്പത്തിരണ്ടുകാരന് 2023 വരെ അവരുമായി കരാറുമുണ്ട്.

വിൽപ്പനക്ക് പരിഗണിക്കുന്നവരിൽ കുറച്ച് പേരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആഴ്സനലിന് കഴിഞ്ഞേക്കുമെങ്കിലും ഔബമയാംഗിനെ വിൽക്കാൻ ക്ലബ്ബ് ബുദ്ധിമുട്ടിയേക്കുമെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ പ്രായവും, ഉയർന്ന വേതനവുമാണ് ഇതിന് കാരണം.

അതേ സമയം 2021-22 സീസൺ പ്രീമിയർ ലീഗിൽ ആഴ്സനലിന് ദയനീയ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ലബ്ബ് കൂട്ട വിൽപ്പനക്ക് ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. പ്രീമിയർ ലീഗിൽ ഇക്കുറി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട ഗണ്ണേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ പത്തൊൻപതാം സ്ഥാനത്താണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit