Transfers

ലിസാൻഡ്രോ മാർട്ടിനസിനെ നഷ്‌ടമായ ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി താരത്തെ ലക്ഷ്യമിടുന്നു

Sreejith N
Arsenal Want Zinchenko
Arsenal Want Zinchenko / PAUL ELLIS/GettyImages
facebooktwitterreddit

അയാക്‌സിന്റെ അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ വിജയം കാണാത്ത സാഹചര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി താരമായ ഓലക്‌സാണ്ടർ സിൻചെങ്കോയെ ആഴ്‌സണൽ ലക്ഷ്യമിടുന്നു. എന്നാൽ 90Min മനസിലാക്കുന്നതു പ്രകാരം യുക്രൈൻ താരത്തെ ടീമിലെത്തിക്കാൻ ആഴ്‌സണൽ വലിയ വെല്ലുവിളികളെ മറികടക്കേണ്ടി വരും.

മാഞ്ചസ്റ്റർ സിറ്റിയിൽ സംതൃപ്‌തനാണെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറാൻ സിൻചെങ്കോ ശ്രമിക്കുന്നുണ്ടെന്ന് 90Min നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരം മധ്യനിരയിൽ കൂടുതൽ അവസരം ലഭിക്കുന്നതിനു വേണ്ടിയാണ് മറ്റു ക്ലബുകളിലേക്കുള്ള ട്രാൻസ്‌ഫർ പരിഗണിക്കുന്നത്.

യുക്രൈൻ ദേശീയ ടീമിൽ മിഡ്‌ഫീൽഡ് പൊസിഷനിൽ കളിച്ച് മികച്ച പ്രകടനം നടത്തുന്ന സിൻചെങ്കോയെ പെപ് ഗ്വാർഡിയോള ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിയിൽ കളിപ്പിക്കുന്നത്. വിവിധ പൊസിഷനുകളിൽ കളിക്കാനുള്ള കഴിവു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ ആഴ്‌സണലിനെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

സിൻചെങ്കോയിൽ ആഴ്‌സണലിന് നേരത്തെ തന്നെ താൽപര്യം ഉണ്ടായിരുന്നെങ്കിലും സെന്റർ ബാക്ക്, ഫുൾ ബാക്ക്. മിഡ്‌ഫീൽഡ് പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന അയാക്‌സ് താരമായ ലിസാൻഡ്രോ മാർട്ടിനസിനാണ് അവർ പ്രധാന പരിഗണന നൽകിയിരുന്നത്. എന്നാൽ അർജന്റീന താരം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അടുക്കുന്ന സാഹചര്യത്തിലാണ് സിൻചെങ്കോയെ ഗണ്ണേഴ്‌സ്‌ ലക്ഷ്യമിടുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ആഴ്‌സണൽ ടീമിലെത്തിച്ചിരുന്നു. ആഴ്‌സണൽ പരിശീലകനായ അർടെട്ട മുൻ മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകൻ ആയിരുന്നുവെന്നതിനാൽ ആ ബന്ധം ഉപയോഗിച്ച് യുക്രൈൻ താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഗണ്ണേഴ്‌സ്‌. എന്നാൽ ന്യൂകാസിൽ ഉൾപ്പെടെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit