Football in Malayalam

വ്ലാഹോവിച്ച് മോഹം പൊലിഞ്ഞ ആഴ്‌സണൽ ലാ ലിഗയിലെ മൂന്നു സ്‌ട്രൈക്കർമാരെ നോട്ടമിടുന്നു

Sreejith N
Leeds United v Arsenal - Premier League
Leeds United v Arsenal - Premier League / Naomi Baker/GettyImages
facebooktwitterreddit

ഫിയോറെന്റീനയുടെ സെർബിയൻ സ്‌ട്രൈക്കറായ ദുസൻ വ്ലാഹോവിച്ചിനെ സ്വന്തമാക്കാനുള്ള ആഴ്‌സനലിന്റെ മോഹങ്ങൾ യുവന്റസിന്റെ ഇടപെടലോടെ ഇല്ലാതായിരിക്കയാണ്. ഈ സീസണിൽ സീരി എയിലെ ടോപ് സ്കോററായ താരം ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും തുടരുന്ന ഇറ്റാലിയൻ ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നതിന്റെ തൊട്ടരികിൽ നിൽക്കുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വ്ലാഹോവിച്ച് മോഹം പൊലിഞ്ഞെങ്കിലും ജനുവരിയിൽ തന്നെ പുതിയ സ്‌ട്രൈക്കറെ ടീമിന്റെ ഭാഗമാക്കാനുള്ള ആഴ്‌സനലിന്റെ പദ്ധതികൾ ഇപ്പോഴും മുന്നോട്ടു പോവുകയാണ്. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ലാ ലിഗയിൽ കളിക്കുന്ന മൂന്നു സ്‌ട്രൈക്കർമാരിൽ ഒരാളെ ടീമിലെത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ആഴ്‌സണൽ ഇപ്പോൾ നടത്തുന്നത്.

ലാ ലീഗയിൽ ആറാം സ്ഥാനത്തുള്ള റയൽ സോസിഡാഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കറായ അലക്‌സാണ്ടർ ഇസക്കിനെയാണ് ആഴ്‌സണൽ പ്രധാനമായും നോട്ടമിടുന്നത്. എൺപതു മില്യൺ യൂറോ റിലീസ് ക്ളോസ് താരത്തിനുണ്ടെങ്കിലും ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലാത്ത താരത്തെ അതിനേക്കാൾ കുറഞ്ഞ തുകക്ക് സ്വന്തമാക്കാൻ ആഴ്‌സണലിനു കഴിയും.

റയൽ മാഡ്രിഡ് സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചാണ് ആഴ്‌സനലിനെ ലിസ്റ്റിലുള്ള മറ്റൊരു താരം. റയലിൽ അവസരങ്ങൾ കുറയുന്നതിൽ അസ്വസ്ഥനായി തുടരുന്ന താരത്തെ ലോണിൽ ടീമിലെത്തിച്ച് അടുത്ത സമ്മറിൽ സ്ഥിരം കരാറിൽ സ്വന്തമാക്കുക എന്നതാണ് ആഴ്‌സണലിന്റെ പദ്ധതി. എന്നാൽ കരിം ബെൻസിമക്ക് പരിക്കേറ്റ സാഹചര്യത്തിൽ ജോവിച്ചിനെ റയൽ മാഡ്രിഡ് വിട്ടുകൊടുക്കാൻ സാധ്യതയില്ല.

ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന എസ്പാന്യോളിന്റെ മുൻ റയൽ മാഡ്രിഡ് താരം റൗൾ ഡി തോമസാണ് ആഴ്‌സലിന്റെ ലിസ്റ്റിലുള്ള മറ്റൊരു താരം. 12 ഗോളുമായി ലാ ലിഗ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തു നിൽക്കുന്ന റൗൾ ഡി തോമസിന് 70 മില്യൺ യൂറോയുടെ റിലീസിംഗ് ക്ളോസ് ഉണ്ടെങ്കിലും ക്ലബ് തലത്തിൽ അത്രയൊന്നും മികവ് തെളിയിച്ചിട്ടില്ലാത്ത താരത്തെ അതിനേക്കാൾ കുറഞ്ഞ തുകക്ക് ആഴ്‌സണലിനു ലഭിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit