മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ പ്രീമിയർ ലീഗ് റെഡ് കാർഡുകളുടെ എണ്ണത്തിൽ റെക്കോർഡ് കുറിച്ച് ആഴ്‌സണൽ

Sreejith N
Arsenal v Manchester City - Premier League
Arsenal v Manchester City - Premier League / Julian Finney/GettyImages
facebooktwitterreddit

മികച്ച പ്രകടനം നടത്തിയെങ്കിലും അനാവശ്യ പിഴവുകൾ ആഴ്‌സണലിന് തിരിച്ചടി നൽകിയ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ചുവപ്പുകാർഡുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ആഴ്‌സണൽ. മത്സരത്തിൽ ബ്രസീലിയൻ പ്രതിരോധതാരമായ ഗബ്രിയേൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു മഞ്ഞക്കാർഡ് വാങ്ങി പുറത്തു പോയതോടെ പ്രീമിയർ ലീഗിൽ നൂറു ചുവപ്പുകാർഡുകൾ നേടുന്ന ആദ്യത്തെ ടീമെന്ന റെക്കോർഡാണ് ആഴ്‌സണൽ സ്വന്തമാക്കിയത്.

ഓഗസ്റ്റിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയ ആഴ്‌സണൽ അതിനു പകരം വീട്ടാനിറങ്ങിയ മത്സരത്തിൽ മികച്ച തുടക്കമാണ് കുറിച്ചത്. ആദ്യപകുതി മുഴുവനായും ആധിപത്യം പുലർത്തിയ ഗണ്ണേഴ്‌സ്‌ ബുകായോ സാക്ക നേടിയ ഗോളിൽ മുന്നിലെത്തുകയും ചെയ്‌തു. അതിനു ശേഷം രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ റിയാദ് മഹ്റേസ് മാഞ്ചസ്റ്റർ സിറ്റിയെ ഒപ്പമെത്തിച്ചതിനു ശേഷമാണ് ആഴ്‌സണൽ കളി കൈവിട്ടു കളഞ്ഞത്.

1992ൽ ഇംഗ്ലീഷ് ടോപ് ഫ്ലൈറ്റ് ലീഗിനെ പ്രീമിയർ ലീഗാക്കി മാറ്റിയതിനു ശേഷം ആദ്യമായാണ് ഒരു ടീമിനു ലീഗിൽ നൂറു ചുവപ്പുകാർഡുകൾ ലഭിക്കുന്നത്. അനാവശ്യമായി മഞ്ഞക്കാർഡ് നേടിയതാണ് ഗബ്രിയേലിനും ആഴ്‌സണലിനും മത്സരത്തിൽ തിരിച്ചടി നൽകിയത്. മൈക്കൽ ആർറ്റെറ്റയുടെ 2019ൽ പരിശീലകനായി എത്തിയതിനു ശേഷം ആഴ്‌സണൽ താരങ്ങൾ നേടുന്ന പതിനൊന്നാമത്തെ ചുവപ്പുകാർഡ് കൂടിയായിരുന്നു അത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബും ഇക്കാലത്തിനിടയിൽ ഇത്രയും ചുവപ്പുകാർഡ് വാങ്ങിയിട്ടില്ല.

ഗബ്രിയേൽ അൻപത്തിയൊമ്പതാം മിനുട്ടിൽ പുറത്തായതിനു ശേഷമുള്ള മുപ്പതു മിനിറ്റുകളുടെ സമ്മർദ്ദം അതിജീവിക്കാൻ ആഴ്‌സലിനു കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിൽ റോഡ്രി ഗണ്ണേഴ്‌സിന്റെ അതുവരെയുള്ള ചെറുത്തു നിൽപ്പ് അവസാനിപ്പിച്ച് ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ പ്രീമിയർ ലീഗിൽ സിറ്റി ലീഡ് നില നിലനിർത്തിയപ്പോൾ തോൽവി ആഴ്‌സനലിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit