മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ആഴ്സണൽ


പിഎസ്ജിയുടെ അർജന്റീനിയൻ മുന്നേറ്റനിര താരമായ മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള അവസരം പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ വേണ്ടെന്നു വെച്ചുവെന്നു റിപ്പോർട്ടുകൾ. സാങ്കേതിക, സാമ്പത്തികപരമായ കാരണങ്ങൾ കൊണ്ടാണ് താരത്തിനെ ടീമിലെത്തിക്കാനുള്ള അവസരം ആഴ്സണൽ വേണ്ടെന്നു വെച്ചതെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെ ടീമിന്റെ ഭാഗമാക്കാൻ തുടക്കം മുതൽ തന്നെ ആഴ്സണൽ ശ്രമം നടത്തിയിരുന്നു. ഒബാമയാങ്, ലകസറ്റ എന്നിവർ ക്ലബ് വിട്ടതു കൊണ്ടാണ് ഒരു സ്ട്രൈക്കറെ ആഴ്സണലിന് ആവശ്യമായി വന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരമായ ഗബ്രിയേൽ ജീസസിനെ അവർ ടീമിലെത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഗബ്രിയേൽ ജീസസിനു മുൻപ് ഇകാർഡിയെ ടീമിന്റെ ഭാഗമാക്കാൻ ആഴ്സണലിന് അവസരം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പ്രീമിയർ ലീഗ് ക്ലബ് ആ അവസരം വേണ്ടെന്നു വെക്കുകയായിരുന്നു. വേഗതയും വിവിധ പൊസിഷനിൽ കളിക്കാനുള്ള കഴിവും വർക്ക് റേറ്റുമാണ് ജീസസിനെ ആഴ്സണൽ പരിഗണിക്കാൻ കാരണം.
അതേസമയം ഇന്റർ മിലാനിൽ നിന്നും പിഎസ്ജിയിൽ എത്തിയ ആദ്യത്തെ സീസണിൽ 34 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി മികച്ച പ്രകടനം നടത്തിയ ഇകാർഡിക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞു വന്നിരുന്നു. കഴിഞ്ഞ സീസണിൽ 24 ലീഗ് മത്സരങ്ങളിൽ മാത്രം ഇറങ്ങിയ താരം നാല് ഗോളുകളാണ് നേടിയത്.