Football in Malayalam

സീരി എയിലെ ഗോൾവേട്ടക്കാരന് 179 മില്യൺ യൂറോ മുടക്കാൻ തയ്യാറായി ആഴ്‌സണൽ

Sreejith N
ACF Fiorentina v US Salernitana - Serie A
ACF Fiorentina v US Salernitana - Serie A / Giuseppe Bellini/GettyImages
facebooktwitterreddit

വിന്റർ ട്രാൻസ്‌ഫർ ജാലകം തുറന്നതോടെ സജീവമായ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിലെ ഒരു പേരാണ് ഫിയോറെന്റീന സ്‌ട്രൈക്കർ ദുസൻ വ്ലാഹോവിച്ചിന്റെത്. ലീഗ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ഒരു ടീമിന്റെ താരമാണ് സീരി എയിലെ ടോപ് സ്‌കോറർ എന്നതു തന്നെയാണ് താരത്തിന് ജനുവരിയിൽ ആവശ്യക്കാർ വർധിക്കാൻ കാരണമായത്.

നിലവിൽ സെർബിയൻ താരത്തിനായി സജീവമായി രംഗത്തുള്ളത് ആഴ്‌സണലാണെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ടീമിൽ നിന്നും തഴയപ്പെട്ട ഒബാമയാങിനു പകരക്കാരനായി ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കേണ്ടത് ആഴ്‌സനലിനെ സംബന്ധിച്ച് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഈ സീസണിൽ ടോപ് ഫോർ ഉറപ്പിക്കാൻ ഗണ്ണേഴ്‌സിനു സാധിക്കുകയുള്ളൂ.

അടുത്ത സീസണോടെ ഫിയോറെന്റീനയുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ ഏതു വിധേനയും ടീമിലേക്കു കൊണ്ടു വരികയെന്ന ലക്‌ഷ്യം നടപ്പിലാക്കാൻ വേണ്ടി 179 മില്യൺ യൂറോ മുടക്കാൻ ആഴ്‌സണൽ തയ്യാറാണെന്നാണ് ഡെയിലി മെയിൽ പറയുന്നത്. എന്നാൽ ട്രാൻസ്‌ഫർ ഫീസ് മാത്രമല്ല, മറിച്ച് സൈനിങ്‌ ബോണസ്, സീസണിൽ നൽകാൻ പോകുന്ന പ്രതിഫലം, മറ്റു ബോണസുകൾ എന്നിവയടങ്ങിയ ഒരു പാക്കേജാണ്‌ ആഴ്‌സണൽ താരത്തിന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

എന്നാൽ ആഴ്‌സണലിലേക്ക് ചേക്കേറുന്ന കാര്യത്തിൽ സെർബിയൻ താരം സംശയാലുവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൈക്കൽ അർടെട്ടയെ പോലെ യൂറോപ്പിൽ ഇതുവരെയും കഴിവു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പരിശീലകന്റെ കീഴിൽ കളിക്കാനുള്ള താൽപര്യക്കുറവിനു പുറമെ ആഴ്‌സനലിന് യൂറോപ്പിലെ മുൻനിര ക്ലബായി ഉയരാനുള്ള ആഗ്രഹമില്ലെന്ന ധാരണയുമാണ് താരത്തെ പിന്നോട്ടു വലിക്കുന്നത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നതിനാൽ തന്നെ തന്റെ ഭാവിയെക്കുറിച്ച് എന്തു തീരുമാനം എടുക്കാനും ഫിയോറെന്റീന സ്‌ട്രൈക്കർക്ക് കഴിയും. ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയ താരത്തിനു വേണ്ടി യൂറോപ്പിലെ നിരവധി ക്ലബുകൾ നീക്കങ്ങൾ നടത്തുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit