ആഴ്‌സനലിനായി നിരവധി ഓഫറുകളുണ്ടായിരുന്നു, ക്ലബ്ബിനെ വിൽക്കുമോയെന്ന കാര്യത്തിൽ പ്രതികരിച്ച് ഉടമയായ ജോഷ് ക്രൊയേങ്കെ

Sreejith N
Arsenal v Watford - Premier League
Arsenal v Watford - Premier League / Richard Heathcote/GettyImages
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിറഞ്ഞു നിന്ന ഏപ്രിലിൽ ആഴ്‌സനലിനെ വാങ്ങാൻ നിരവധി ഓഫറുകൾ വന്നെങ്കിലും അതെല്ലാം താൻ നിരസിച്ചുവെന്ന് ക്ലബിന്റെ ഉടമയായ ജോഷ് ക്രോയെങ്കെ. യൂറോപ്യൻ സൂപ്പർലീഗിന്റെ ഭാഗമാകാനുള്ള ആഴ്‌സനലിന്റെ തീരുമാനത്തെ വിമർശിച്ച ആരാധകർ ക്ലബ് ഉടമക്കെതിരെയും തിരിഞ്ഞ സമയത്ത് ക്ലബ്ബിനെ വാങ്ങാനുള്ള ഓഫറുകൾ വന്നതു താൻ തള്ളിക്കളഞ്ഞുവെന്നാണ് ക്രോയെങ്കെ പറയുന്നത്.

സ്വീഡിഷ് ശതകോടീശ്വരനും സ്പോട്ടിഫൈ ഉടമയുമായ ഡാനിയേൽ എക്കാണ് ആഴ്‌സനലിനെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു രംഗത്തു വന്ന പ്രധാനപ്പെട്ട വ്യക്തി. ആഴ്‌സണൽ ആരാധകൻ കൂടിയായ ഇദ്ദേഹം തിയറി ഹെൻറിയുമായി ചേർന്ന് 1.8 ബില്യൺ യൂറോയുടെ ഓഫർ നൽകുകയും ചെയ്‌തിരുന്നു. എന്നാൽ അതു കൂടാതെയും ഓഫറുകൾ വന്നിരുന്നുവെന്നാണ് ജോഷ് ക്രോയെങ്കെ പറയുന്നത്.

"ക്ലബ് വിൽപ്പനക്കുള്ളതല്ല, 2018ൽ ഞങ്ങൾ ക്ലബിന്റെ നിയന്ത്രണം ഏറ്റെടുത്തു. എനിക്ക് 41 വയസായി. എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആരംഭിക്കുകയാണ്. പബ്ലിക്ക് ആയതിനു പുറമെ പിന്നണിയിലും ഞങ്ങൾക്ക് നിരവധി ഓഫറുകൾ ലഭിച്ചു. എന്നാൽ അതിനെല്ലാം കൂടി ക്ലബ് വിൽപ്പനക്കുള്ളതല്ലെന്ന മൊത്തത്തിലുള്ള ഒരു പ്രസ്താവന മാത്രമാണ് ഞങ്ങൾ പുറപ്പെടുവിച്ചത്."

"ലോകമെമ്പാടുമുള്ള നിരവധി പാർട്ടികൾ ഓഫറുകൾ നൽകിയിരുന്നു. ആഴ്‌സണൽ ഫുട്ബോൾ ക്ലബ് ഒരു ആഗോള ബ്രാൻഡ് ആയതിനാലും ലോകത്തെമ്പാടുമുള്ള ആളുകൾ അതിനെ ശ്രദ്ധിക്കുന്നതു കൊണ്ടുമാണ് അതിൽ ഇടപെടാൻ ആളുകൾക്ക് താൽപര്യം ഉണ്ടാകുന്നത്. ഈ ക്ലബ് വിൽപ്പനക്കുള്ളതല്ല, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ." ഡെയിലി മെയിലിനോട് ജോഷ് ക്രോയെങ്കെ പറഞ്ഞു.

അമേരിക്കൻ ഉടമകൾ ക്ലബിന്റെ നേതൃത്വം ഏറ്റടുത്തതു മുതൽ കൃത്യമായ നിക്ഷേപങ്ങളുടെ കുറവ് ആരാധകർ ഉയർത്തി കാണിക്കുകയും ക്ലബിന്റെ മോശം ഫോമിനെ വിമർശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ദീർഘകാല മുന്നേറ്റമാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നാണു ക്രോയെങ്കെ പറയുന്നത്. ഈ സീസണിൽ തിരിച്ചു വരവിന്റെ പാതയിലുള്ള ഗണ്ണേഴ്‌സ്‌ നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

facebooktwitterreddit