ഗബ്രിയേൽ ജീസസിന്റെ പ്രതിനിധികളും ആഴ്‌സണലും തമ്മിൽ ട്രാൻസ്‌ഫർ ചർച്ചകൾ ആരംഭിച്ചു
By Sreejith N

ബ്രസീലിയൻ സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസിനെ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാനുള്ള പദ്ധതികളുമായി പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണൽ മുന്നോട്ട്. ഇരുപത്തിയഞ്ചു വയസുള്ള മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ പ്രതിനിധികളുമായി ആഴ്‌സണൽ ട്രാൻസ്‌ഫർ ചർച്ചകൾ ആരംഭിച്ചുവെന്ന് പ്രമുഖ കായികമാധ്യമമായ ഗോൾ സ്ഥിരീകരിക്കുന്നു.
പടിപടിയായി ആഴ്‌സണലിനെ ഉയർത്തിക്കൊണ്ടു വരുന്ന അർടെട്ട അടുത്ത സീസണിൽ ടീമിനെ കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഈ സീസണിൽ 24 മത്സരങ്ങൾ കളിച്ചപ്പോൾ 17 എണ്ണത്തിൽ മാത്രം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിച്ച താരം കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Gabriel Jesus' representatives have opened talks with Arsenal over a potential summer move to the Emirates Stadium ? pic.twitter.com/yqfROlWgMp
— GOAL (@goal) April 26, 2022
2023ൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന ഗബ്രിയേൽ ജീസസുമായുള്ള ട്രാൻസ്‌ഫർ ചർച്ചകളുടെ പ്രാഥമികഘട്ടം മാത്രമേ ഇപ്പോൾ ആരംഭിച്ചിട്ടുള്ളൂ. പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ ഇനിയും തീരുമാനമാകാനുണ്ട്. താരത്തിന്റെ ഏജന്റ് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ചകളിൽ മധ്യസ്ഥനായി നിന്നാണ് ട്രാൻസ്‌ഫർ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
മാഞ്ചസ്റ്റർ സിറ്റിയിൽ കൂടുതൽ അവസരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ഗബ്രിയേൽ ജീസസിന് അടുത്ത സീസണിൽ അവസരങ്ങൾ കുറയാനാണ് സാധ്യത. അടുത്ത സമ്മറിൽ ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ നടത്തുന്നുണ്ട്. അതു വിജയിച്ചാൽ ഒരു ബാക്കപ്പ് സ്‌ട്രൈക്കറായി ജീസസ് മാറും.
വാട്ഫോഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ നാല് ഗോളുകൾ നേടി തന്റെ ഫോം തെളിയിക്കാൻ ജീസസിന് കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ സ്ഥാനത്തിനു വേണ്ടി പോരാടുമെന്നാണ് ജീസസ് പറഞ്ഞത്. അതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റി പുതിയ കരാർ ഓഫർ ചെയ്‌താൽ ബ്രസീലിയൻ താരം അതു സ്വീകരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.