ആഴ്സണലിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകളെപ്പറ്റി പ്രതികരിച്ച് ആഴ്സൻ വെങ്ങർ


സമീപകാലത്തൊന്നുമില്ലാത്ത മോശം ഫോമിൽ ആഴ്സണൽ പ്രീമിയർ ലീഗിൽ പുതിയ സീസൺ ആരംഭിച്ചിരിക്കെ വീണ്ടും ഗണ്ണേഴ്സ് പരിശീലകനായി മടങ്ങിയെത്താനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് ആഴ്സൻ വെങ്ങർ. നിലവിലുള്ള ടീമിൽ പ്രതിഭയുള്ള നിരവധി താരങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ ആഴ്സണലിന് തിരിച്ചു വരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വെങ്ങർ സ്ഥാനമൊഴിഞ്ഞതിനു ശേഷമെത്തിയ ഉനെ എമറിയെ പുറത്താക്കിയ ഒഴിവിൽ നിയമിക്കപ്പെട്ട മൈക്കൽ അർടെട്ടക്കു കീഴിൽ മികച്ച പ്രകടനം തുടക്കത്തിൽ പുറത്തെടുത്ത ആഴ്സണൽ അതിനു ശേഷം വളരെയധികം പുറകോട്ടു പോയിട്ടുണ്ട്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം തുക മുടക്കിയ യൂറോപ്യൻ ക്ലബുകളിലൊന്നായ ആഴ്സണൽ പക്ഷെ പ്രീമിയർ ലീഗിലെ ആദ്യത്തെ മൂന്നു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ടു.
Arsene Wenger's comments on returning to management as he discusses possible Arsenal returnhttps://t.co/th0UyCO9rA pic.twitter.com/i7pdAiWiPZ
— Mirror Football (@MirrorFootball) September 3, 2021
തുടർച്ചയായ തോൽവികൾ മൂലം പുറത്താക്കൽ ഭീഷണി നേരിടുന്ന അർടെട്ടക്ക് പകരം ടീമിലെത്തുമോയെന്ന ചോദ്യത്തിന് വെങ്ങറുടെ മറുപടി ഇങ്ങിനെയായിരുന്നു. "എനിക്ക് 71 വയസുണ്ട്. ഈ ക്ലബിനു ഞാനെന്റെ ജീവിതത്തിലെ മികച്ച വർഷങ്ങളെല്ലാം നൽകി. ഇന്നീ ക്ലബ് നല്ല രീതിയിലാണു നിലകൊള്ളുന്നത്. അവർക്ക് രണ്ടു കടുപ്പമേറിയ മത്സരങ്ങൾ ഉണ്ടായെങ്കിലും കഴിവുള്ളതു കൊണ്ടു തന്നെ അവർക്ക് തിരിച്ചു വരാം. നിലവിൽ ഞാനൊരു ആരാധകൻ മാത്രമാണ്," വെങ്ങർ ബിൽഡിനോട് പറഞ്ഞു.
ബ്രൂസ് റിയോച്ചിനു പകരക്കാരനായി 1996ലാണ് ആഴ്സൺ വെങ്ങർ ആഴ്സനലിന്റെ പരിശീലകനായി സ്ഥാനമേറ്റെടുക്കുന്നത്. അതിനു ശേഷം 1235 മത്സരങ്ങളിൽ ഗണ്ണേഴ്സിനെ പരിശീലിപ്പിച്ച വെങ്ങർക്കു കീഴിൽ 707 മത്സരങ്ങളും ടീം വിജയിച്ചപ്പോൾ 248 തോൽവികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു പ്രീമിയർ ലീഗ് കിരീടവും ഏഴ് എഫ്എ കപ്പും വെങ്ങർക്ക് കീഴിൽ ആഴ്സണൽ സ്വന്തമാക്കി.