Football in Malayalam

ക്ലബ് വിടാൻ സാധ്യതയുള്ള അലക്‌സാണ്ടർ ലകസെറ്റക്ക് പകരക്കാരെ കണ്ടെത്തി ആഴ്‌സണൽ

By Mohammed Davood
Arsenal FC v Chelsea FC - Premier League
Arsenal FC v Chelsea FC - Premier League / Julian Finney/Getty Images
facebooktwitterreddit

വരുന്ന ട്രാൻസ്ഫർ ജാലകങ്ങളിൽ ക്ലബ് വിടാൻ സാധ്യതയുള്ള അലക്സാണ്ടർ ലകസെറ്റക്ക് പകരക്കാരെ പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണൽ കണ്ടെത്തിയതായി റിപോർട്ടുകൾ. എവർട്ടണിന്റെ ഡൊമിനിക് കാൽവെർട്-ലെവിൻ, ആസ്റ്റൺ വില്ലയുടെ ഒളിവർ വാട്ട്കിൻസ് എന്നിവരെയാണ് ലകസെറ്റ ക്ലബ് വിടുകയാണെങ്കിൽ താരത്തിന്റെ പകരക്കാരനായി ടീമിലെത്തിക്കാൻ ഗണ്ണേഴ്‌സ്‌ കണ്ട് വെച്ചിട്ടുള്ള താരങ്ങൾ.

ആഴ്‌സണലിന് വേണ്ടി 174 മത്സരങ്ങളിൽ നിന്ന് 67 ഗോളുകൾ നേടിയിട്ടുള്ള ലകസെറ്റക്ക് ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഇടം നേടാനായിട്ടില്ല. ക്ലബുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെ, താരത്തിന് ഇത് വരെയും ആഴ്‌സണൽ പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടില്ല എന്നത് താരം വിടാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

ലകസെറ്റ ക്ലബ് മാറുകയാണെങ്കിൽ പ്രീമിയർ ലീഗിൽ കളിച്ച പരിചയസമ്പത്തുള്ള ഒരു യുവ ഗോൾസ്കോററെയാണ് പകരക്കാരനായി പരിശീലകൻ മൈക്കൽ അർട്ടേറ്റ തേടുന്നത്. കാൽവർട്ട്-ലെവിനും, വാട്ട്കിൻസ് ഈ ഗണത്തിൽ പെടുന്ന താരങ്ങളായാണ് അർട്ടേറ്റ കാണുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ എവർട്ടണിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച 24കാരനായ കാൽവർട്ട്-ലെവിൻ, 21 ഗോളുകൾ ടോഫീസിന് വേണ്ടി നേടിയിരുന്നു. അതേസമയം, 2020-21 സീസണിൽ വാട്ട്കിൻസ് 16 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

അതേ സമയം, ക്ലബിൽ അവസരം കുറഞ്ഞ ലകസെറ്റയെ ജനുവരിയിൽ ക്ലബ് വിടാൻ ആഴ്‌സണൽ അനുവദിച്ചേക്കും. എന്നാൽ, താരത്തിനൊരു പകരക്കാരനെ ടീമിലെത്തിക്കാൻ ഗണ്ണേഴ്‌സിന് കഴിയുമെങ്കിൽ മാത്രമേ പരിശീലകൻ അർട്ടേറ്റ അത്തരമൊരു നീക്കത്തിന് അനുമതി നൽകുകയുള്ളൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


facebooktwitterreddit