Football in Malayalam

ആഴ്‌സനൽ പരിശീലകസ്ഥാനത്ത് അർടെട്ടയുടെ നാളുകൾ എണ്ണപ്പെടുന്നു, പകരക്കാരനെ കണ്ടെത്തി ഗണ്ണേഴ്സ്

Sreejith N
Hibernian v Arsenal - Pre-Season Friendly
Hibernian v Arsenal - Pre-Season Friendly / Steve Welsh/Getty Images
facebooktwitterreddit

ഈ സീസണിന് വളരെ മോശം തുടക്കം കുറിച്ച ആഴ്‌സനലിൽ പരിശീലകനായ മൈക്കൽ അർടെട്ടയുടെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഇംഗ്ലീഷ് മാധ്യമമായ ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇനി അഞ്ചു മത്സരങ്ങൾ മാത്രമേ അർടെട്ടക്കു തന്റെ പരിശീലക സ്ഥാനം സംരക്ഷിക്കാൻ ബാക്കിയുള്ളൂ. അതിലും ആഴ്‌സണൽ മോശം ഫോം തുടരുകയാണെങ്കിൽ സ്‌പാനിഷ്‌ പരിശീലകൻ പുറത്താക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ സമ്മർ ജാലകത്തിൽ യൂറോപ്പിൽ തന്നെ ഏറ്റവുമധികം തുക ട്രാൻസ്‌ഫറുകൾക്കായി ചിലവഴിച്ച ക്ലബുകളിൽ ഒന്നാണ് ആഴ്‌സനൽ. ഏതാണ്ട് നൂറു മില്യൺ പൗണ്ടിലധികം പുതിയ താരങ്ങൾക്കായി ആഴ്‌സനൽ ചിലവാക്കിയെങ്കിലും ആദ്യത്തെ രണ്ടു മത്സരങ്ങളിലും വളരെ മോശം പ്രകടനം കാഴ്‌ച വെച്ച ടീം രണ്ടിലും തോൽവി വഴങ്ങുകയായിരുന്നു. ഇതേതുടർന്ന് ക്ലബിന്റെ മുൻ താരത്തിനെതിരെ വിമർശനവും ശക്തമാണ്.

2019 ഡിസംബറിൽ ഉനെ എമറിയിൽ നിന്നും ആഴ്‌നണൽ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം രണ്ടു കിരീടങ്ങൾ ആഴ്‌സണലിനു സമ്മാനിക്കാൻ അർടെട്ടക്ക് കഴിഞ്ഞെങ്കിലും പ്രീമിയർ ലീഗിൽ അറുപതു മത്സരങ്ങൾ അദ്ദേഹത്തിന് കീഴിൽ ഇതുവരെ പൂർത്തിയാക്കിയ ക്ലബ് ഇരുപതെണ്ണത്തിലാണ് പരാജയം രുചിച്ചത്. ഈ സീസണിലെ രണ്ടു മത്സരങ്ങളിൽ ഒരു ഗോൾ നേടാനും ആഴ്‌സണലിന് കഴിഞ്ഞിട്ടില്ല.

അർടെട്ടയുടെ നാളുകൾ എണ്ണപ്പെട്ടു കൊണ്ടിരിക്കെ പകരക്കാരൻ ആരെന്ന കാര്യത്തിലും ആഴ്‌സണലിനു ധാരണയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ ഇന്റർ പരിശീലകനായ അന്റോണിയോ കൊണ്ടെയെയാണ് ആഴ്‌സണൽ നോട്ടമിട്ടു കൊണ്ടിരിക്കുന്നത്. ഇന്ററിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ സീസണിൽ സീരി എ കിരീടം സമ്മാനിച്ചതിനു പിന്നാലെ അദ്ദേഹം ക്ലബ് വിടുകയായിരുന്നു.

പ്രീമിയർ ലീഗിൽ ചെൽസിയെ ജേതാക്കളാക്കിയിട്ടുള്ള കൊണ്ടേ ഇന്റർ വിട്ടതിനു പിന്നാലെ ടോട്ടനം പരിശീലകനാവാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. നിലവിൽ ഫ്രീ ഏജന്റായ അദ്ദേഹം ആഴ്‌സനലിന്റെ ഓഫർ സ്വീകരിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ ടീം അടിമുടി മാറുമെന്നതിൽ സംശയമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit