Football in Malayalam

ലൗടാരോ മാർട്ടിനസിനെ നോട്ടമിട്ട് ആഴ്‌സണൽ, നീക്കം ചെൽസി താരത്തിനു വേണ്ടിയുള്ള ശ്രമം പ്രതിസന്ധിയിലായതോടെ

Sreejith N
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / Pedro Vilela/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണുകളിലേറ്റ തിരിച്ചടിയിൽ നിന്നും ശക്തമായ തിരിച്ചു വരവ് നടത്താൻ തയ്യാറെടുക്കുന്ന ആഴ്‌സണൽ അർജന്റീനിയൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്നു. ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിനു വേണ്ടിയുള്ള നീക്കങ്ങളിലുണ്ടായ പ്രതിസന്ധിയാണ് ആഴ്‌സനലിനെ ശ്രദ്ധ ഇന്റർ മിലാൻ താരത്തിലേക്ക് തിരിയാൻ കാരണമായതെന്ന് ദി ടെലെഗ്രാഫ് റിപ്പോർട്ടു ചെയ്‌തു.

വരുന്ന സീസണിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് പോർച്ചുഗൽ ഫുൾ ബാക്ക് നുനോ ടവറെസ്, ബെൽജിയൻ മിഡ്‌ഫീൽഡർ ആൽബർട്ട് സാംബി ലോകോംഗ എന്നിവരെ ആഴ്‌സണൽ സ്വന്തമാക്കി കഴിഞ്ഞു. ഡിഫൻഡർ ബെൻ വൈറ്റ്, ഷെഫീൽഡ് യുണൈറ്റഡ് ഗോൾകീപ്പർ ആരോൺ റാംസഡലെ എന്നിവരെയും ടീമിലെത്തിക്കാൻ ആഴ്‌സണൽ തയ്യാറെടുത്തു കൊണ്ടിരിക്കയാണ്. ഇതിനു പുറമെയാണ് ഒരു സ്‌ട്രൈക്കർക്കായും ആഴ്‌സണൽ ശ്രമം നടത്തുന്നത്.

ടാമി എബ്രഹാമാണ് അർടെട്ടയുടെ പട്ടികയിൽ ആദ്യം ഉണ്ടായിരുന്നതെങ്കിലും താരത്തിനായി ചെൽസി നാൽപതു മില്യൺ പൗണ്ട് ആവശ്യപ്പെട്ടതാണ് ആഴ്‌സണൽ പിന്നിലേക്കു വലിയാൻ കാരണമായത്. ഇതിനു പിന്നാലെ അർജന്റീന താരത്തെ ലഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ഗണ്ണേഴ്‌സ്‌ അന്വേഷണം നടത്തുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ നേടി ഇന്ററിന്റെ സീരി എ കിരീടധാരണത്തിൽ നിർണായക പങ്കു വഹിച്ച താരത്തിന് ടാമി അബ്രഹാമിന് പറഞ്ഞതിനേക്കാൾ വലിയ തുക നൽകേണ്ടി വരുമെന്നുറപ്പാണ്.

ലൗടാരോ മാർട്ടിനസിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും ടാമി അബ്രഹാമിലുള്ള താൽപര്യം ആഴ്‌സണൽ പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ചെൽസിയിൽ സ്ഥാനം നഷ്ടപ്പെട്ട ഇംഗ്ലണ്ട് താരത്തെ ലോണിൽ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളും ആഴ്‌സണൽ ആലോചിക്കുന്നുണ്ട്. എന്നാൽ ടാമി അബ്രഹാമിന്റെ പ്രതിഫലം നൽകാൻ ആഴ്‌സണൽ ലകസറ്റ, എൻഖെറ്റിയാ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കേണ്ടി വരുമെന്ന് ദി അത്ലറ്റികിന്റെ റിപ്പോർട്ട് പറയുന്നു.

facebooktwitterreddit