ബുകായോ സാകയെ ടീമില്‍ നിലനിര്‍ത്താനൊരുങ്ങി ആഴ്‌സനല്‍

ഇംഗ്ലീഷ് യുവതാരം ബുകായോ സാകയെ ടീമില്‍ നിലനിര്‍ത്താനൊരുങ്ങി ആഴ്‌സനല്‍. സീസണില്‍ താരം നടത്തുന്ന മികച്ച പ്രകടനം കണക്കിലെടുത്താണ് താരത്തിന് കരാര്‍ നീട്ടി നല്‍കി ക്ലബിനൊപ്പം നിര്‍ത്താന്‍ ആലോചന നടക്കുന്നത്. കരാര്‍ നീട്ടുന്നതിന് വേണ്ടി താരവും ആഴ്‌സനലും പ്രാഥമിക ചര്‍ച്ച നടത്തിയതായി അത്‌ലറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തു.
2023വരെ സാകക്ക് ആഴ്‌സനലില്‍ കരാറുണ്ടെങ്കിലും തുടര്‍ന്നും ടീമിനൊപ്പം നിര്‍ത്താനാണ് ഗണ്ണേഴ്‌സ് പദ്ധതി തയ്യാറാക്കുന്നത്. 2020ലായിരുന്നു സാക അവസാനമായി ആഴ്‌സനലില്‍ കരാര്‍ ഒപ്പുവെച്ചത്. താരവുമായുള്ള കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും ആഴ്‌സനലിനുണ്ട്.
സാകയുമായി പുതിയ കരാറില്‍ എത്തിയില്ലെങ്കില്‍ കരാറിലെ ഈ ക്ലോസ് ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ആഴ്‌സനലിന് വേണ്ടി ഒന്‍പത് ഗോളുകളാണ് 20കാരനായ താരം സ്വന്തമാക്കിയിട്ടുള്ളത്. സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലിടം നേടാനും സാകക്ക് കഴിഞ്ഞിട്ടുണ്ട്. 2019 മുതല്‍ ആഴ്‌സനലിന്റെ സീനിയര്‍ ടീമിനൊപ്പം കളിക്കുന്ന സാക 121 മത്സരത്തില്‍ നിന്ന് 21 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരേ നടന്ന മത്സരത്തില്‍ സാകയുടെ വകയായിരുന്നു വിജയ ഗോള്‍. ജയത്തോടെ പട്ടികയില്‍ ആദ്യ നാലില്‍ ഇടം നേടാനും ആഴ്‌സനലിന് കഴിഞ്ഞിട്ടുണ്ട്. ആഴ്‌സനലിന്റെ മുന്നേറ്റതാരമായിരുന്ന എമറിക് ഒബമയോങ് ടീം വിട്ടതോടെ ഗണ്ണേഴ്‌സിന്റെ മുന്നേറ്റത്തിലെ പ്രധാന താരവും ഭാവിയിലെ ഗണ്ണേഴ്‌സിന്റെ കരുത്തുമാണ് സാക.