Football in Malayalam

കുട്ടീഞ്ഞോയെ റാഞ്ചാനൊരുങ്ങി ആഴ്സനൽ; താരത്തിന്റെ കരാറിലുള്ള പ്രത്യേക ക്ലോസ് നീക്കം നടക്കാനുള്ള സാധ്യത കൂട്ടുന്നു

Gokul Manthara
Real Valladolid v FC Barcelona - La Liga Santander
Real Valladolid v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയുടെ ബ്രസീൽ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനലിന് പദ്ധതികൾ. 2018ൽ ലിവർപൂളിൽ നിന്ന് കുട്ടീഞ്ഞോയെ സ്വന്തമാക്കുമ്പോൾ ഒരു പ്രത്യേക ക്ലോസ് ബാഴ്സലോണ ഒപ്പുവെച്ചിരുന്നു. 20 മില്ല്യൺ പൗണ്ടിന്റെ ഈ ക്ലോസാണ് ഇപ്പോൾ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ആഴ്സനലിന്റെ സാധ്യതകൾ വർധിപ്പിച്ചിരിക്കുന്നത്.

വമ്പൻ തുകക്ക് സ്വന്തമാക്കിയ കുട്ടീഞ്ഞോ ബാഴ്സലോണ ‌ജേഴ്സിയിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയാൽ ലാലീഗ ക്ലബ്ബ് ലിവർപൂളിന് 20 മില്ല്യൺ പൗണ്ട് കൂടി നൽകേണ്ടി‌വരും. ഇരു ക്ലബ്ബുകളും തമ്മിൽ ഇത്തരമൊരു ക്ലോസിൽ കരാർ സമയത്ത് ഒപ്പുവെച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതി‌ന് തയ്യാറല്ലാത്ത ബാഴ്സ അത് കൊണ്ടു തന്നെ വരും സമ്മറിൽ കുട്ടീഞ്ഞോയെ വിൽക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായാണ്‌ വാർത്തകൾ. അടുത്ത സീസണിൽ ‌ടീമിലേക്ക് പുതിയ അറ്റാക്കിംഗ് മിഡ്ഫീൽഡറെ നോട്ടമിടുന്ന ആഴ്സനൽ അത് കൊണ്ടു‌ തന്നെ കുട്ടീഞ്ഞോക്കായി ശക്തമായി‌ രംഗത്തുണ്ടാകുമെന്നാണ് സൂചന.

അതേ‌ സമയം വലിയ പ്രതീക്ഷകളോടെ ബാഴ്സലോണ സ്വന്തമാക്കിയ കുട്ടീഞ്ഞോക്ക് ക്ലബ്ബിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ കളിക്കാൻ ബയേൺ മ്യൂണിക്കിലേക്ക് പോയ താരം ഈ‌ സീസണിൽ തിരിച്ചെത്തിയെങ്കിലും മോശം ഫോമും പരിക്കും തിരിച്ചടിയായി. ബാഴ്സലോണ ജേഴ്സിയിൽ കളിച്ച 90 മത്സരങ്ങളിൽ 23 ഗോളുകൾ നേടിയ കുട്ടീഞ്ഞോ 14 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

അതേ സമയം കൂട്ടിഞ്ഞോയെ മാത്രമല്ല, മറിച്ച് ടീമിലെ ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാനേയും വരും സമ്മറിൽ വിൽക്കാൻ ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപ്പോർട്ടക്ക് പദ്ധതികളുണ്ടെന്നാണ് സൂചനകൾ. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലാൻഡിനെ സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കുന്നതിനാണ് ഇത്തരമൊരു നീക്കം നടത്താൻ ലപ്പോർട്ട തയ്യാറെടുക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയുന്നത്.

facebooktwitterreddit