Football in Malayalam

റാമോസിനെ കൈമുട്ടു കൊണ്ടിടിച്ചപ്പോൾ കൊണ്ടതു മറ്റൊരു റയൽ താരത്തിന്, ഒരു ചുവപ്പുകാർഡിന്റെ കഥ വെളിപ്പെടുത്തി അഡുറിസ്

Sreejith N
FBL-ESP-LIGA-ATHLETIC-REALMADRID
FBL-ESP-LIGA-ATHLETIC-REALMADRID / ANDER GILLENEA/Getty Images
facebooktwitterreddit

ഒരു പതിറ്റാണ്ടു മുൻപ് നടന്ന ലാ ലിഗ മത്സരത്തിനിടെ റാമോസിനെ കൈമുട്ടു കൊണ്ട് മനഃപൂർവം ഇടിക്കാൻ ശ്രമിച്ച കഥ വെളിപ്പെടുത്തി മുൻ അത്‌ലറ്റിക് ബിൽബാവോ താരമായ അറിറ്സ് അഡുറിസ്. എന്നാൽ റാമോസിന് പകരം മറ്റൊരു റയൽ താരമായ മഹ്മദൂ ദിയാറക്കാണ് ആ ഫൗൾ ഏറ്റതെന്നും അതിന്റെ ഭാഗമായി തനിക്ക് ആ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചുവെന്നും മുൻ സ്പാനിഷ് താരം റേഡിയോ മാർക്കയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

റാമോസിനെതിരെ കളിക്കുകയെന്നത് പേടിസ്വപ്‌നം പോലെയായിരുന്നുവെന്നാണ് അത്‌ലറ്റിക് ബിൽബാവോക്ക് വേണ്ടി വളരെക്കാലം ബൂട്ടു കെട്ടിയ അഡുറിസ് പറയുന്നത്. 2006-07 സീസണിൽ റയൽ മാഡ്രിഡും അത്‌ലറ്റിക് ബിൽബാവോയും തമ്മിൽ സാന്റിയാഗോ ബെർണാബുവിൽ നടന്ന ഒരു മത്സരത്തിനിടെയാണ് താൻ റാമോസിനെ ഇടിച്ചു വീഴ്ത്താൻ നോക്കിയതെന്നും താരം പറഞ്ഞു.

"ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് ആ സമയത്ത് റാമോസിനെതിരെ കളിക്കുന്നത് പേടിസ്വപ്നം പോലെയായിരുന്നു എന്നത്. റാമോസ്-പെപ്പെ കൂട്ടുകെട്ടിനെതിരെ കളിക്കുന്നത് രസകരമായ കാര്യമായിരുന്നു. ഞാനത് ആസ്വദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അതുപോലെ തന്നെ അത് കടുപ്പവുമായിരുന്നു, റാമോസിനോടും ഞാനക്കാര്യം പറഞ്ഞിട്ടുണ്ട്," അഡുറിസ് പറഞ്ഞു.

"എന്നാൽ മുൻപ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഒരിക്കൽ സാന്റിയാഗോ ബെർണാബുവിൽ എനിക്ക് ചുവപ്പു കാർഡ് കിട്ടിയ ഫൗളിനെ കുറിച്ചാണ്. ദിയാറയെ കൈമുട്ടുകൊണ്ടിടിച്ചതിനായിരുന്നു അത്. അതു വളരെ മോശം ഫൗളായിരുന്നു, എനിക്കതിൽ യാതൊരു അഭിമാനവുമില്ല. പക്ഷെ, ആ ഫൗൾ റാമോസിനെ ഉദ്ദേശിച്ചായിരുന്നു.

"ചാട്ടത്തിനിടയിൽ ഞാൻ വരുത്തിയ പിഴവിന്റെ ഭാഗമായാണ് ഫൗൾ മാറിപ്പോയത്. റാമോസുമായി നല്ല സൗഹൃദവും സ്നേഹബന്ധവും എനിക്കുണ്ട്. എന്നാൽ അതെല്ലാം വളരെ കടുപ്പമേറിയ മത്സരങ്ങളായിരുന്നു."

നാല്പതുകാരനായ സ്പാനിഷ് താരം 2019-20 സീസണിന് ശേഷമാണ് ഫുട്ബോളിൽ നിന്നും റിട്ടയർ ചെയ്യുന്നത്. ആ തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നും ഫുട്ബോളിൽ നിന്നും സ്വയം വേർപെടുത്തി ജീവിതം മറ്റൊരു തരത്തിൽ ആസ്വദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അഡുറിസ് പറഞ്ഞു.


facebooktwitterreddit