Main Stories

അർജന്റീനയിൽ ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ കോവിഡ് മൂലം നിർത്തിവെച്ചു, കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ബാധിക്കില്ല

Sreejith N
Copa America Argentina and Colombia 2020 Draw
Copa America Argentina and Colombia 2020 Draw / Guillermo Legaria/Getty Images
facebooktwitterreddit

അർജന്റീനയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കാനുള്ള പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തീരുമാനം അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും ആഭ്യന്തര ലീഗ് നേതൃത്വമായ ലിഗ പ്രൊഫെഷനലും അംഗീകരിച്ചു. നിലവിൽ മെയ് 30 വരെ മത്സരങ്ങൾ വിലക്കിയ നടപടി നീട്ടാനുള്ള തീരുമാനമുണ്ടായാലും അതു ജൂണിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിലെ തീരുമാനത്തിന്റെ ഭാഗമായി കോപ്പ ഡി ലാ ലിഗയിൽ ഈയാഴ്ച വാരാന്ത്യം നടക്കാനിരുന്ന മത്സരങ്ങൾ മാറ്റി വെക്കേണ്ടി വരും. ഇതു കൂടാതെ മറ്റു ലോക്കൽ ഡിവിഷൻ മത്സരങ്ങൾ, യൂത്ത് ലീഗുകൾ എന്നിവയും നിർത്തിവെക്കും. എന്നാൽ ഇന്റർനാഷണൽ ടൂര്ണമെന്റുകളായ കോപ്പ ലിബർട്ടഡോസ്, കോപ്പ സുഡാമേരിക്കാനോ എന്നിവയുടെ അർജന്റീനയിൽ വെച്ചു നടക്കേണ്ട മത്സരങ്ങൾ നടത്താൻ അനുവാദമുണ്ട്.

ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അർജന്റീനയും കൊളംബിയയും മത്സരങ്ങൾക്ക് സംയുക്താഭിമുഖ്യം വഹിക്കുമെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളെ മുൻനിർത്തി കൊളംബിയയെ ആതിഥേയത്വത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അർജന്റീനയിൽ തന്നെയാണ് മുഴുവൻ മത്സരങ്ങളും നടക്കാൻ സാധ്യതയെന്ന് രാജ്യത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം നിലവിലെ കോവിഡ് സാഹചര്യം ടൂർണമെന്റ് നീട്ടി വെക്കുന്നതിലേക്ക് എത്തിക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്. കോവിഡ് ഭീതിയെ തുടർന്ന് ടൂർണമെന്റിനു മത്സരിക്കാൻ തയ്യാറായിരുന്ന ഖത്തർ, ഓസ്ട്രേലിയ എന്നീ ടീമുകൾ നേരത്ത പിന്മാറിയിരുന്നു.

facebooktwitterreddit