മെസിക്ക് കോവിഡ് വന്നതിൽ അർജന്റൈൻ ഡിജെയെ കൊലപാതകിയെന്നു വിളിച്ച് ആരാധകർ, ആരോപണങ്ങൾ നിഷേധിച്ച് ഡിജെ

Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ലയണൽ മെസിക്കു കോവിഡ് വൈറസ് ബാധ കണ്ടെത്തിയതിനു പിന്നാലെ തനിക്കു നേരെ ഉയരുന്ന ആരോപണങ്ങളെ നിഷേധിച്ച് അർജന്റീനിയൻ ഡിജെയായ ഫെർ പലാസിയോ. കഴിഞ്ഞ ദിവസം മെസിക്ക് കോവിഡ് പോസിറ്റിവാണെന്നു താരത്തിന്റെ ക്ലബായ പിഎസ്‌ജി സ്ഥിരീകരിച്ചതിനു ശേഷം ഫെർ പലാസിയോയെ കൊലപാതകിയെന്നടക്കം ആരാധകർ വിശേഷിപ്പിച്ചിരുന്നു.

ഫ്രഞ്ച് ലീഗ് ക്രിസ്‌മസ്‌, ന്യൂ ഇയർ അവധിക്കായി പിരിഞ്ഞതിനു ശേഷം അർജന്റീനയിലേക്ക് പോയ ലയണൽ മെസി നിരവധി പാർട്ടികൾ അറ്റൻഡ് ചെയ്‌തിരുന്നു, ന്യൂ ഇയറിന്റെ വൈകുന്നേരം പലാസിയോയെ പ്രകടനം നടത്താൻ മെസി ക്ഷണിച്ചതും അതിലുൾപ്പെട്ടതാണ് . ഇതേത്തുടർന്നാണ് മെസിക്ക് കോവിഡ് നൽകിയത് പലാസിയോ ആണെന്ന വാദമുയർത്തി ആരാധകർ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

മെസിയുടെ കുടുംബത്തിൽ നടന്ന പരിപാടിക്കു ശേഷം മെസിക്കൊപ്പമുള്ള ചിത്രം പലാസിയോ പോസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം മെസിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഈ ചിത്രത്തിനു താഴെ കമന്റായും വ്യക്തിഗത സന്ദേശങ്ങളാണ് നിരവധി ആരാധകർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാൽ താനല്ല മെസിക്ക് കോവിഡ് നൽകിയതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

"മെസിക്ക് കോവിഡ് വന്നതിനു ശേഷം ഞാൻ ട്വിറ്ററിൽ വളരെ ട്രെൻഡിങ്ങാണ്. അവരതുമായി എന്നെ ബന്ധപ്പെടുത്തി ഞാനാണ് താരത്തിന് വൈറസ് നൽകിയതെന്നു പറഞ്ഞു, എന്നെ കൊലപാതകി എന്നുവരെ വിളിച്ചു. ഒരുപാട് മോശം മെസേജുകളും എനിക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യുറുഗ്വായ് പോകാൻ വേണ്ടി ഞാൻ പരിശോധന നടത്തിയപ്പോൾ എനിക്ക് കോവിഡ് ഇല്ലായിരുന്നു." ഇൻസ്റ്റഗ്രാമിൽ പലാസിയോ വ്യക്തമാക്കി,

അതേസമയം കോവിഡ് സ്ഥിരീകരിച്ചതോടെ അർജന്റീനയിൽ തന്നെ ക്വാറന്റൈനിൽ തുടരുകയാണ് ലയണൽ മെസി. ഇനി ഫ്രാൻസിലേക്ക് തിരിക്കണമെങ്കിൽ മെസിക്ക് കോവിഡ് നെഗറ്റിവ് റിസൾട്ട് അനിവാര്യമാണ്. മൂന്നു മത്സരങ്ങൾ താരത്തിന് ഇതുമൂലം നഷ്‌ടപ്പെടുമെന്നാണു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.