Football in Malayalam

അഞ്ചു പ്രധാന മാറ്റങ്ങളുമായി ഇറങ്ങിയിട്ടും കോപ്പ അമേരിക്കയിൽ വിജയമാവർത്തിച്ച് അർജന്റീന

Sreejith N
Argentina v Paraguay: Group A - Copa America Brazil 2021
Argentina v Paraguay: Group A - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

കോപ്പ അമേരിക്കയിൽ പാരഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിലും വിജയം നേടി അർജന്റീന. ചിലിക്കെതിരെ സമനിലയോടെ ടൂർണമെന്റിന് തുടക്കം കുറിച്ച അർജന്റീന കഴിഞ്ഞ മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെ നേടിയതിനു സമാനമായി ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് പാരഗ്വായ്‌ക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യഘട്ടത്തിലൊഴികെ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കാതിരുന്ന അർജന്റീന ഒരിക്കൽ കൂടി പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്താണ് വിജയം സ്വന്തമാക്കിയത്. ജയത്തോടെ നോക്ക്ഔട്ട് ഉറപ്പിക്കാൻ ടീമിനായിട്ടുണ്ട്.

മുന്നേറ്റനിരയിലെ മൂന്നു താരങ്ങളടക്കം കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിൽ അഞ്ചു മാറ്റങ്ങളുമായാണ് സ്‌കലോണി പാരഗ്വായ്‌ക്കെതിരെ ടീമിനെ ഇറക്കിയത്. ഏഞ്ചൽ ഡി മരിയ, അഗ്യൂറോ എന്നിവർക്കൊപ്പം പപ്പു ഗോമസും മുന്നേറ്റനിരയിൽ ഇടം പിടിച്ചപ്പോൾ പിൻനിരയിൽ ഒട്ടമെൻഡിക്ക് പകരം പെസല്ലയും അക്യൂനക്ക് പകരം ടാഗ്ലിയാഫിക്കോയും ഇടം പിടിച്ചു. ടീമിൽ അഴിച്ചുപണികൾ നടത്തിയെങ്കിലും തുടക്കം മുതൽ തന്നെ ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്ന അർജന്റീന മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ മുന്നിലെത്തി.

ഏഴാം മിനുട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അഗ്യൂറോ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന്റെ നിരാശയെ ഇല്ലാതാക്കിയാണ് ഏഞ്ചൽ ഡി മരിയയുടെ മനോഹരമായ ഒരു പാസിൽ നിന്നും പപ്പു ഗോമസ് ടീമിനെ മുന്നിലെത്തിക്കുന്നത്. അതിനു ശേഷം മെസിയുടെ ഒരു ഫ്രീകിക്ക് പാരഗ്വായ് പോസ്റ്റിനു തൊട്ടരികിലൂടെയും കടന്നു പോയി. ഗോൾ നേടിയതിനു ശേഷം പിൻവലിഞ്ഞു കളിച്ച അർജന്റീനക്കെതിരെ പാരഗ്വായ് മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി അർജന്റീന മുന്നിലെത്തിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കപ്പെടുകയും ചെയ്‌തു.

പന്ത് കൈവശം വെച്ചും പ്രതിരോധത്തിലേക്ക് വലിഞ്ഞും ആദ്യപകുതിയിൽ നേടിയ ഗോളിൽ വിജയമുറപ്പിക്കാൻ ശ്രമിച്ച അർജന്റീന അതിൽ വിജയിക്കുകയും ചെയ്‌തു. രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കുൾപ്പെടെ രണ്ടു ഷോട്ട് മാത്രമാണ് അർജന്റീന ഗോളിലേക്ക് ലക്‌ഷ്യം വെച്ചുതിർത്തത്. അതേസമയം ഒപ്പമെത്താൻ വേണ്ടി പാരഗ്വായ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും അർജന്റീന ഗോൾകീപ്പർക്ക് ഭീഷണിയാവാൻ അവർക്ക് കഴിഞ്ഞില്ല. ഒരിക്കൽ കൂടി പ്രതിരോധം ഗോൾ വഴങ്ങാതെ പിടിച്ചു നിന്നുവെന്നതു മാത്രമാണ് രണ്ടാം പകുതിയിൽ അർജന്റീന ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന ഒരേയൊരു കാര്യം.

മത്സരത്തിൽ വിജയം നേടിയതോടെ മൂന്നു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ് അർജന്റീന. മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുള്ള ചിലി രണ്ടാമതും രണ്ടു മത്സരങ്ങൾ വീതം കളിച്ച പാരഗ്വായ്, യുറുഗ്വായ് ടീമുകൾ മൂന്നാം സ്ഥാനത്തുമാണ്. അടുത്ത മത്സരത്തിൽ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ബൊളീവിയക്കെതിരെയും വിജയം നേടാനായാൽ ഗ്രൂപ്പ് ജേതാക്കളായി തന്നെ അർജന്റീനക്ക് നോക്ക്ഔട്ടിലേക്ക് മുന്നേറാം.

facebooktwitterreddit