ലോകകപ്പ് യോഗ്യത മത്സരങ്ങൾ: മെസിയുടെ അഭാവത്തിലും അർജന്റീനക്കു വിജയം, ബ്രസീലിനെ പൂട്ടി ഇക്വഡോർ


ഇന്നു പുലർച്ചെ നടന്ന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന വിജയം നേടിയപ്പോൾ ബ്രസീലിനു സമനില. മെസിയുടെ അഭാവത്തിൽ ഇറങ്ങിയ അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ കീഴടക്കിയപ്പോൾ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീൽ കായികപരമായ പോരാട്ടം കൂടുതൽ കണ്ട മത്സരത്തിൽ ഇക്വഡോറിനോട് 1-1 എന്ന സ്കോറിൽ സമനില വഴങ്ങുകയായിരുന്നു.
മെസിയുടെ അഭാവത്തിൽ ടീമിനെ നയിച്ച ഏഞ്ചൽ ഡി മരിയ ഒൻപതാം മിനുട്ടിൽ തന്നെ അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും ഇരുപതാം മിനുട്ടിൽ ബെൻ ബെർട്ടോൺ ഡയസ് ചിലിയെ ഒപ്പമെത്തിച്ചു. എന്നാൽ മുപ്പത്തിനാലാം മിനുട്ടിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ അർജന്റീനക്ക് വിജയമുറപ്പിക്കാൻ പോന്നതായിരുന്നു.
No Messi, No Problem ?
— GOAL India (@Goal_India) January 28, 2022
Lautaro Martinez scores the winner as Argentina beat Chile ?? pic.twitter.com/54C296Qphq
ലയണൽ മെസിക്കു പുറമെ കോവിഡ് ബാധിതനായ ലയണൽ സ്കലോണിയുടെ അഭാവത്തിൽ അർജന്റീന നേടിയ ജയം ടീമിന്റെ അപരാജിത കുതിപ്പ് ഇരുപത്തിയെട്ടു മത്സരങ്ങളായി വർധിപ്പിച്ചിട്ടുണ്ട്. ഇനി കൊളംബിയക്കെതിരെയാണ് അർജന്റീനക്ക് ലോകകപ്പ് യോഗ്യത മത്സരം ബാക്കിയുള്ളത്. അതേസമയം തോൽവി നേരിട്ട ചിലിയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്കു മങ്ങലേറ്റു.
അതേസമയം ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇക്വഡോറിനെതിരെ നടന്ന ബ്രസീലിന്റെ മത്സരം കായികപരമായ പോരാട്ടമായിരുന്നു. കസമീറോ നേടിയ ഗോളിൽ ആറാം മിനുട്ടിൽ ബ്രസീൽ മുന്നിലെത്തിയ മത്സരം ഇരുപതു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ചുവപ്പുകാർഡുകളാണ് ഉയർന്നത്, ആദ്യം ഇക്വഡോർ താരം ഡൊമിനിഗ്വസും അതിനു ശേഷം ബ്രസീൽ താരം എമേഴ്സണും ചുവപ്പുകാർഡ് വാങ്ങി പുറത്തായി,
Alisson sent off twice in Brazil draw with Ecuador – and saved both times by VAR https://t.co/ZdJ7bAVjKL
— The Guardian (@guardian) January 28, 2022
ഇതിനു ശേഷം ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി ബ്രസീൽ ഗോൾകീപ്പർ അലിസണു നേരെ രണ്ടു തവണ റഫറി റെഡ് കാർഡ് ഉയർത്തിയെങ്കിലും വീഡിയോ റഫറി പരിശോധിച്ച് അതു രണ്ടും പിൻവലിക്കുകയായിരുന്നു. ഇതിനിടയിൽ ഫെലിക്സ് ടോറസാണ് എഴുപത്തിയഞ്ചാം മിനുട്ടിൽ ഇക്വഡോറിനു വേണ്ടി സമനിലഗോൾ കണ്ടെത്തിയത്.
നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയ ബ്രസീലിനെ സംബന്ധിച്ച് ഈ മത്സരം ഒട്ടും പ്രാധാന്യമില്ലാത്തതായിരുന്നു. അർജന്റീനയും നേരത്തെ യോഗ്യത നേടിയ ടീമാണ്. അതേസമയം ബ്രസീലിനെതിരെ സമനില കണ്ടെത്തിയ ഇക്വഡോർ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.