Football in Malayalam

കോപ്പ അമേരിക്ക നടത്തുന്നതിൽ നിന്നും അർജന്റീന പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്, നിഷേധിച്ച് കോൺമെബോൾ പ്രസിഡന്റ്

Sreejith N
FBL-2020-COPA AMERICA-DRAW
FBL-2020-COPA AMERICA-DRAW / JUAN BARRETO/Getty Images
facebooktwitterreddit

ജൂണിൽ കോപ്പ അമേരിക്ക നടക്കാനിരിക്കെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അർജന്റീന ടൂർണമെന്റിന്റെ നടത്തിപ്പിൽ നിന്നും പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകമെമ്പാടും കോവിഡിന്റെ വ്യാപനം രൂക്ഷമായതിന്റെ ആശങ്കകളെ തുടർന്നാണ് അർജന്റീന ടൂർണമെന്റിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതെന്ന് ഇഎസ്‌പിഎൻ ആണു റിപ്പോർട്ടു ചെയ്‌തത്‌. എന്നാൽ, ഇക്കാര്യം നിഷേധിച്ച് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് ആയ അലെജാന്ദ്രോ ഡൊമിങ്ക്വെസ് രംഗത്തെത്തി.

2020ൽ നടക്കാനിരുന്ന ടൂർണമെന്റ് കോവിഡിനെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. യൂറോ കപ്പും സമാനമായ രീതിയിൽ ഈ വർഷത്തേക്ക് മാറ്റി വെച്ചിരുന്നു. ടൂർണമെന്റ് ആരംഭിക്കാൻ രണ്ടു മാസത്തോളം മാത്രം ബാക്കി നിൽക്കെ ലോകമെമ്പാടും കോവിഡ് പടരുന്നത് വീണ്ടും ശക്തമായിരിക്കയാണ്. പല രാജ്യങ്ങളും ഇതേത്തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്‌തു.

അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്ക ടൂർണമെന്റ് സംഘടിപ്പിക്കാനിരുന്നത്. സൗത്ത് അമേരിക്കയിൽ കോവിഡ് സാഹചര്യം രൂക്ഷമായതും ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളെ ടൂർണമെന്റ് ബാധിക്കാനും സാധ്യതയുള്ളതിനാൽ ഖത്തർ, ഓസ്ട്രേലിയ എന്നീ ടീമുകൾ നേരത്തെ തന്നെ കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നതിൽ നിന്നും പിൻവാങ്ങിയിരുന്നു.

ഭൂമിശാസ്ത്രപരമായ മാനദണ്ഡങ്ങൾ പ്രകാരം യോഗ്യത നേടിയതിൽ തെക്കു ഭാഗത്തുള്ള ടീമുകൾ അർജന്റീനയിലും വടക്കു ഭാഗത്തുള്ള ടീമുകൾ കൊളംബിയയിലുമാണ് മത്സരങ്ങൾ കളിക്കേണ്ടിയിരുന്നത്. എന്നാൽ രാജ്യങ്ങൾക്കിടയിലുള്ള യാത്ര ഒരു മാസത്തിനിടെ നിരവധി തവണ വേണ്ടി വരുമെന്നതിനാലാണ് അർജന്റീന പിൻവാങ്ങാനൊരുങ്ങുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ, ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കുന്ന കാര്യം സംശയത്തിലല്ലെന്നാണ് അലെജാന്ദ്രോ ഡൊമിങ്ക്വെസ് പറയുന്നത്.

അതേ സമയം, നേരത്തെ തന്നെ അർജന്റീന പ്രസിഡന്റായ ആൽബർട്ടോ ഫെർണാണ്ടസ് ടൂർണമെന്റ് നടത്തുന്നതിലുള്ള ആശങ്കകൾ പങ്കു വെച്ചിരുന്നു. അർജന്റീനയിലുള്ള ക്ലബുകൾ മറ്റു രാജ്യങ്ങളിൽ പോയി മത്സരങ്ങൾ കളിക്കാതെ തന്നെ കോവിഡ് കേസുകൾ ഉയരുന്നുണ്ടെന്നും കൂടുതൽ വ്യാപനമുള്ള സ്ഥലങ്ങളിൽ കളിക്കുന്നത് അപകടമായിരിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേ സമയം, ടൂർണമെന്റിന്റെ മറ്റൊരു ആതിഥേയർ ആയ കൊളംബിയയുടെ പ്രസിഡന്റ് ടൂർണമെന്റ് നടത്തുന്നതിനോട് പരിപൂർണമായും സഹകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എല്ലാ തരത്തിലുള്ള സുരക്ഷാ സംവിധാനവും ടീമുകൾക്ക് ഒരുക്കി ടൂർണമെന്റിൽ തങ്ങൾക്ക് തീരുമാനിച്ച മത്സരങ്ങൾ ഭംഗിയായി നടത്തുമെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit